പി.ടിയുടെ പിൻഗാമി; ഉമാ തോമസിന്റെ ആദ്യ നിയമസഭാ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസിൽ

ഭർത്താവും മുൻ തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസിൽ തന്നെയാണ് അവരുടെ പിൻഗാമിയായെത്തിയ ഉമാ തോമസും ചോദ്യമുന്നയിക്കുന്നത്

Update: 2022-06-26 16:33 GMT
Advertising

തൃക്കാക്കരയിൽ വിജയിച്ച് നിയമസഭയിലെത്തിയ ഉമാ തോമസിന്റെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസിൽ. ഭർത്താവും മുൻ തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് വളരെ സജീവമായ ഇടപെട്ടിരുന്ന കേസിൽ തന്നെയാണ് അവരുടെ പിൻഗാമിയായെത്തിയ ഉമാ തോമസും ചോദ്യമുന്നയിക്കുന്നത്. നാളെ നിയമസഭ സമ്മേളിക്കുമ്പോൾ ഉന്നയിക്കാൻ നൽകിയ ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുള്ളത്.

നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?, മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറൻസിക് ലാബ് ജോയിൻറ് ഡയറക്ടർ 29/01/2020 ന് സർക്കാറിനെ അറിയിച്ചിരുന്നോ? എങ്കിൽ ഇതിന്മേൽ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങളാണ് ഉമ ഉന്നയിക്കുന്നത്. കേസിലെ പ്രതിയായ നടൻ മുൻ ഡിജിപി വിളിച്ചക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്നും അട്ടിമറി നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ടോയെന്നും അവർ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിൽ ഉന്നയിച്ചിട്ടുണ്ട്. വടകര എംഎൽഎ കെ.കെ രമയും സമാന ചോദ്യങ്ങൾ ഉന്നയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചും ഉമാ തോമസ് ചോദിച്ചു. വാളയാർ കേസ് പോലെയുള്ളവയിൽ രാഷ്ട്രീയ സംരക്ഷണം നൽകുന്നുവെന്ന ആക്ഷേപത്തെ കുറിച്ചും സുരക്ഷാ നടപടികളെ കുറിച്ചും ഉമാ തോമസ് ചോദ്യങ്ങൾ ഉന്നയിച്ചു. കറുത്ത മാസ്‌കിനും വസ്ത്രത്തിനും മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്ര ഇടങ്ങളിലും വിലക്കുണ്ടോയെന്ന ചോദ്യവും അവർ ഉന്നയിച്ചു.

ജൂൺ 15ന്‌ ഉമാ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൃക്കാക്കരയിൽ മിന്നും വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ നടന്നിരുന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയിൽ നടന്നത്.

ഉമാതോമസിന്റെ ഭർത്താവ് കൂടിയായ അന്തരിച്ച പി.ടി തോമസ് 2021 ൽ നേടിയത് 59,839 വോട്ടുകളായിരുന്നു. അന്നത്തെ ഭൂരിപക്ഷത്തിനേക്കാൾ 12,928 വോട്ടുകൾ ഇത്തവണ കൂടിയത്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. . ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിടേണ്ടിവന്നത്.

Uma Thomas's first assembly question in actress assault case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News