'ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുക്കണം'; യൂത്ത് ലീഗിന്റെ പരാതി
സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ പരാമർശം മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പരാമർശം നടത്തിയ ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി യൂത്ത് ലീഗ്. മലപ്പുറം എസ്.പിക്കാണ് പരാതി നൽകിയത്. മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സാദിഖലി തങ്ങൾക്ക് ഖാദിയാകാൻ യോഗ്യതയില്ലെന്നും ഇസ്‌ലാമിക നിയമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം ഖാദി ആയതെന്നുമായിരുന്നു ഉമർ ഫൈസിയുടെ പരാമർശം. മുന്നിൽ വരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള വിവരം ഒരു ഖാസിക്ക് വേണമെന്നും അതുണ്ടെന്ന് അവർ അവകാശപ്പെടുന്നില്ലെന്നും തങ്ങളുടെ പേരെടുത്ത് പറയാതെ ഉമർ ഫൈസി വിമർശനമുന്നയിച്ചു.
എന്നാൽ സെക്രട്ടറി ഉമർ ഫൈസിയുടെ വിവാദ പ്രസ്താവനയുമായി സമസ്തയ്ക്ക് ബന്ധമില്ലെന്നും ഇത്തരം പ്രതികരണങ്ങൾ സംഘടനാ ഭാരവാഹികൾ നടത്തരുതെന്നും ചൂണ്ടിക്കാട്ടി സമസ്ത രംഗത്തെത്തി. സംയുക്ത പ്രസ്താവനയിലാണ് സമസ്ത നേതാക്കൾ പ്രതികരണമറിയിച്ചത്.
മലപ്പുറം എടവണ്ണപ്പാറയിൽ ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്ക് സമസ്തയുമായി ബന്ധമില്ല എന്നാണ് സമസ്ത നേതാക്കളുടെ കുറിപ്പിന്റെ തുടക്കം. സമസ്ത നേതൃപദവി വഹിക്കുന്നവരും., പ്രവർത്തകരും വിവാദ പരാമർശങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും. പ്രശ്‌ന പരിഹാരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്കിടെ വിവാദ പരാമർശങ്ങളും,നിയമനങ്ങളും ആരിൽ നിന്നും ഉണ്ടാകാൻ പാടില്ലെന്നും,. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം സംയുക്ത പ്രസ്താവനയിൽ പറയുന്നുണ്ട്. സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഹക്കീം ഫൈസി ആദൃശ്ശേരിയെ തിരികെ എത്തിച്ച നടപടിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്
പ്രശ്‌നപരിഹാരം നടക്കുന്നതിനിടെ വിവാദ നിയമനങ്ങൾ നടത്തരുതെന്നും സമസ്ത നേതാക്കൾ ഇറക്കിയ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയത് എന്നാണ് സൂചന.. ഉമർ ഫൈസി മുക്കത്തിൻറെ വിവാദ പരാമർശത്തിനെതിരെ ഇന്നലെ ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഉമർ ഫൈസിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെയും , പിഎംഎ സലാമിൻറെയും പ്രതികരണം. ഈ പരസ്യപ്രതികരണങ്ങൾക്ക് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടാണ് ഉമർ ഫൈസിയെ തള്ളി സമസ്ത നേതൃത്വം പ്രസ്താവനയിറക്കിയത്.