'PWD റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാൽ പോരെ'; റിയാസിന് വി. മുരളീധരന്റെ മറുപടി

ദേശീയപാതയിലെ കുഴി മന്ത്രിയുടെ വീട്ടിലെ ആള് നടത്തിയ വാർത്താ സമ്മേളനത്തിന്റെ അത്രയും വരില്ലെന്നും മന്ത്രി

Update: 2022-07-13 10:09 GMT
Advertising

കാസർകോട്: കേന്ദ്ര മന്ത്രിമാരെ വിമർശിച്ച പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പൊതുമരാമത്ത് റോഡിലെ കുഴി എണ്ണിയിട്ട് ദേശീയ പാതയിലേക്ക് പോയാൽ പോരെയെന്നും കൂളിമാട് പാലം തകർന്നതിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത മന്ത്രിയുടെ ഉപദേശം തങ്ങൾക്ക്‌ വേണ്ടെന്നുമായിരുന്നു മുരളീധരന്റെ മറുപടി. മന്ത്രി റിയാസ് വിമാന യാത്ര ഒഴിവാക്കി റോഡിലൂടെ പോയാൽ തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെയുള്ള പൊതുമരാമത്ത് റോഡുകളുടെ അവസ്ഥ മനസ്സിലാകുമെന്നും സ്വന്തം കഴിവുകേട് മറച്ചു വെക്കാൻ തങ്ങളെ പഴി ചാരരുതെന്നും മന്ത്രി വി. മുരളീധരൻ പറഞ്ഞു. ദേശീയ പാതയിലെ പ്രശ്‌നങ്ങൾ തങ്ങൾ തീർക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കേരളത്തിലെ റോഡുകൾ പശ തേയ്ച്ചാണോ ഉണ്ടാക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചത് പൊതുമരാമത്ത് മന്ത്രിയോടാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദർശനം മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അസ്വസ്ഥരാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലെ കുഴി മന്ത്രിയുടെ വീട്ടിലെ ആള് നടത്തിയ വാർത്താ സമ്മേളനത്തിന്റെ അത്രയും വരില്ലെന്നും മന്ത്രി പരിഹസിച്ചു. മുഖ്യമന്ത്രിയെപ്പോലെ കടക്ക് പുറത്ത് എന്ന് മാധ്യമ പ്രവർത്തകരോട് പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോരാ ദേശീയപാതയിലെ കുഴികളും കേന്ദ്രമന്ത്രിമാർ എണ്ണണമെന്ന് മന്ത്രി റിയാസ് നിയമസഭയിൽ പറഞ്ഞിരുന്നത്. കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ദിവസവും നടത്തുന്ന വാർത്താസമ്മേളനത്തേക്കാൾ കൂടുതൽ കുഴികൾ ദേശീയ പാതയിലുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. ദേശീയപാതാ വികസനം നടക്കുന്നു എന്നത് യാഥാർത്ഥ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരിച്ചിരുന്നു. കേന്ദ്രത്തെ വിമർശിക്കുമ്പോൾ എന്തിന് മറ്റുചിലർ പ്രകോപിതരാകുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചു ചോദിച്ചു.



Full View

Union Minister V. Muraleedharan responded against PA Muhammad Riyas

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News