'സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്'; ജാമ്യാപേക്ഷയെ എതിർത്ത് യു.പി സർക്കാർ
'പോപ്പുലർ ഫ്രണ്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമാണ് ഹത്രാസിൽ പോയത്'
ഡൽഹി:യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷയെ എതിർത്ത് യു പി സർക്കാർ. സിദ്ദീഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി. പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.പോപ്പുലർ ഫ്രണ്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമാണ് കാപ്പൻ ഹത്രാസിൽ പോയത്.
പിഎഫ്‌ഐയുടെ മുഖപത്രത്തിൽ കാപ്പൻ മാധ്യമപ്രവർത്തകനായിരുന്നു.അറസ്റ്റ് ചെയ്യുമ്പോൾ നാല് ഐ ഡി കാർഡുകൾ പിടിച്ചെടുത്തു. ഇതിൽ 2 എണ്ണം തേജസ് പത്രത്തിന്റേത് ആയിരുന്നെന്നും സത്യവാങ് മൂലത്തിൽ പറയുന്നു.
കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. ഹാത്രസ് ബലാൽസംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലായിരുന്നു യുപി പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തതത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്.
സിദ്ദിഖ് കാപ്പനെതിരെ പിന്നീട് യു.എ.പി.എ ചുമത്തി.കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.