തിരുവനന്തപുരം നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പിന് തുടക്കം; മൂന്ന് ദിവസം വളർത്തു നായകൾക്ക് വാക്സിനേഷൻ
മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ തിരുവനന്തപുരമാണ് മുന്നിൽ.
തെരുവുനായ ശല്യം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്നുമുതൽ മൂന്നുദിവസം നഗരത്തിലെ വളർത്തു നായ്ക്കൾക്ക് വാക്സിൻ നൽകും. തെരുവു നായകൾക്കുള്ള വാക്സിനേഷൻ ഈ മാസം 25ന് ആരഭിക്കും.
മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ എണ്ണത്തിൽ തിരുവനന്തപുരമാണ് മുന്നിൽ. ആകെയുള്ള 170 ഹോട്സ്പോട്ടുകളിൽ 28 എണ്ണവും തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിൻ . രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.
നായ്ക്കളുടെ വാക്സിനേഷനായി 10000 ഡോസ് വാക്സിനാണ് എത്തിക്കുന്നത്. നഗരത്തിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്‌സിൻ ഉറപ്പാക്കണം എന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. തെരുവു നായ്ക്കൾക്കുള്ള വാക്സിനേഷൻ നടപടികൾ ഈ മാസം 25ന് ആരംഭിക്കും. ഇതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. നഗരത്തിലെ പെറ്റ് ഷോപ്പുകളിൽ പരിശോധന നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും നഗരസഭ അറിയിച്ചു.