വടകര താലൂക്ക് ഓഫീസ് തീപ്പിടിത്തം; കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കെ.കെ രമ
തുടർച്ചയായി തീപ്പിടിത്തമുണ്ടായിട്ടും പൊലീസ് നിസ്സംഗത തുടരുകയാണെന്നും രമ കുറ്റപ്പെടുത്തി
തീപ്പിടിത്തത്തിൽ കത്തി നശിച്ച വടകര താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കെ.കെ രമ എം.എൽ.എ . തുടർച്ചയായി തീപ്പിടിത്തമുണ്ടായിട്ടും പൊലീസ് നിസ്സംഗത തുടരുകയാണെന്നും രമ കുറ്റപ്പെടുത്തി. താലൂക്ക് ഓഫീസിന് സുരക്ഷയൊരുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിന് ഒരു പതിറ്റാണ്ട് കാലത്തെ പഴക്കമുണ്ട്.
പാതയോരത്ത് നിന്ന് മാറിയുള്ള താലൂക്ക് ഓഫീസ് കെട്ടിടത്തിന് സുരക്ഷയൊരുക്കാന്‍ സെക്യൂരിറ്റി ജീവനക്കാരനെ വയ്ക്കണമെന്ന് 2012 മുതല്‍ താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്. പുറത്ത് ഗെയിറ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇന്നിപ്പോള്‍ രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ കോമ്പൊണ്ട്. തുടര്‍ച്ചയായി തീപ്പിടിത്തങ്ങളുണ്ടായിട്ടും പൊലീസ് നിസംഗത തുടര്‍ന്നതാണ് താലൂക്ക് ഓഫീസ് കത്തിച്ചാമ്പലാകാന്‍ ഇടയാക്കിയതെന്ന് കെ.കെ രമ പറഞ്ഞു.
ഓഫീസ് കെട്ടിടത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ വെക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ പുര തഹസില്‍ദാര്‍ക്കും ജില്ലാ കലക്ടര്‍ക്കും പലതവണ നിവേദനം നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് കോമ്പൌണ്ടിനകത്തെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കിയെങ്കിലും സുരക്ഷാ സംവിധാനങ്ങളൊന്നും നടപ്പിലാക്കിയില്ല. വടകരയില്‍ അടുത്തിടയുണ്ടായ 4 തീപ്പിടിത്തങ്ങളില്‍ താലൂക്ക് ഓഫീസ് അഗ്നി ബാധയില്‍ മാത്രമാണ് ദൃക്സാക്ഷികളോ സിസി ടിവി തെളിവുകളോ ഇല്ലാതെ പോയത്.