വന്ദേഭാരത് ടിക്കറ്റ് നിരക്കുകൾ ഉടൻ; സമയക്രമവും താമസിയാതെ പ്രഖ്യാപിക്കും
നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാവും സർവീസ്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ തീരുമാനം ഉടൻ പ്രഖ്യാപിക്കും. ചെയർ കാറിന് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 900 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് 2000 രൂപയുമായിരിക്കും നിരക്കെന്നാണ് സൂചന.
ട്രയൽ റൺ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ റൂട്ട് സംബന്ധിച്ച് റെയിൽ വേ ബോർഡ് അന്തിമ തീരുമാനം എടുക്കും. നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാവും സർവീസ്. ആദ്യ ഘട്ടത്തിൽ സർവീസ് കോഴിക്കോട് വരെയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റെയിൽവേ വൃത്തങ്ങൾ ഇത് തള്ളിയിട്ടുണ്ട്. സമയക്രമം സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും.
തിങ്കളാഴ്ചയാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയാക്കിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.
ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വന്ദേഭാരത് എത്തിയത്. തിരുവനന്തപുരം അടക്കം എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലെത്തിയ ട്രെയിൻ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂർ 16 മിനിറ്റായിരുന്നു.
ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിൻ കേരളത്തിലും ഓടിത്തുടങ്ങും.