വരാപ്പുഴ പടക്കശാല അപകടം: ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തു

അപകടത്തിൽ പരിക്കേറ്റ ഏഴ് പേരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Update: 2023-03-01 06:19 GMT
Advertising

കൊച്ചി: വരാപ്പുഴ അപകടത്തിൽ പടക്കശാല ഉടമ ജെയ്‌സനെതിരെ നരഹത്യ കുറ്റമുൾപ്പെടെ ചുമത്തി കേസെടുത്തു. ഐ.പി.സി 308, 304 വകുപ്പുകൾ പ്രകാരവും കൂടാതെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പടക്കശാല പ്രവർത്തിച്ചിരുന്ന കെട്ടിട ഉടമക്കെതിരേയും കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.



ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസുണ്ടായിരുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. അനുമതിയില്ലാതെ പ്രവർത്തിച്ച കെട്ടിടത്തിലാണ് വലിയ തോതിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ലൈസൻസി ഉടമയുടെ സഹോദരൻ ജെൻസനാണ് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലുള്ളത്. കെട്ടിടം ഇവരുടെ ബന്ധുവിന്റേതാണ്. ഈ ബന്ധുവിൽ നിന്നും വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നത്. ബന്ധുവിന്റെ പേരിലും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കനിർമാണശാലയിൽ വൻ സ്ഫോടനമുണ്ടായത്. ആൻസൺ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്ഫോടനം നടന്നത്. ഇയാളുടെ ബന്ധുവായ ഡേവിസ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. പടക്കശാല കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. പ്രദേശത്തെ പത്തിൽ കൂടുതൽ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. വൻ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്നും ഭൂമികുലുക്കമാണെന്നാണ് കരുതിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി പറഞ്ഞു.



രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുമ്പോഴും സ്ഫോടനം ഉണ്ടായിരുന്നു. പടക്കശാലയിൽ ജോലി ചെയ്തിരുന്ന ഒരാളെ കണ്ടെത്തിയതോടെയാണ് രക്ഷാപ്രവർത്തനം വേഗത്തിലായത്. എവിടെയാണ് പടക്കം സൂക്ഷിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഇയാളാണ് പൊലീസിന് വിശദീകരിച്ചുകൊടുത്തത്. അതേസമയം ലൈസൻസില്ലാതെയാണ് പടക്കനിർമാണ ശാല പ്രവർത്തിച്ചിരുന്നതെന്ന് ജില്ലാ കലക്ടർ രേണു രാജ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. പടക്കം നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസില്ല. വിൽക്കുന്നതിന് ലൈസൻസുണ്ടെന്ന് ചിലർ പറഞ്ഞിരുന്നു. ഇത് കലക്ടർ നിഷേധിച്ചു. പൂർണമായും അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കലക്ടർ വ്യക്തമാക്കി.



Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News