'വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നു'; നാല് തവണ അവാർഡിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയിട്ടുണ്ടെന്ന് ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പിയുടെ 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മകഥക്കാണ് പുരസ്കാരം
തിരുവനന്തപുരം: വയലാർ അവർഡ് തനിക്ക് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി. നാല് തവണ അവാർഡിനായി തീരുമാനിച്ച ശേഷം അവസാനം ഒഴിവാക്കി. ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
31ാമത്തെ വയസിൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് തന്നെ തിരഞ്ഞെടുത്തതാണ്. എന്നാൽ, അന്നൊരു മഹാകവിയാണ് എന്റെ പേര് വെട്ടിക്കളഞ്ഞത്. മലയാളത്തിലെ മുഴുവൻ അക്ഷരങ്ങളും പഠിച്ച ശേഷം തനിക്ക് അവാർഡ് കൊടുത്താൽ മതിയെന്ന് ആ മഹാകവി പറഞ്ഞു. ആ മഹാകവിയെക്കാൾ കൂടുതൽ പാട്ടുകൾ താൻ എഴുതിയിട്ടുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
47-ാമത് വയലാർ അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. അസാധാരണ രചനാ ശൈലിയുള്ള പുസ്തകമെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ഒക്ടോബർ 27 ന് വൈകിട്ട് നിശാഗന്ധിയിൽ വച്ച് അവാർഡ് വിതരണം ചെയ്യും.