കേരള സർവകലാശാലയിലെ വി.സി നിയമനം; ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: കേരള സർവകലാശാലയിലെ വി.സി നിയമനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. സെനറ്റ് അംഗമായ എസ് ജയറാം ആണ് ഹൈക്കോടതിയെ സമീപിച്ചത്.വി.സി നിയമനവുമായി മുന്നോട്ട് പോകാൻ നിലവിലെ സെർച് കമ്മിറ്റിക്ക് നിർദേശം നൽകണമെന്നാണ് ഹരജിലെ ആവശ്യം.
സെർച് കമ്മിറ്റി അംഗത്തെ നാമനിർദേശം ചെയ്യാൻ സെനറ്റിനും നിർദേശം നൽകണമെന്ന ആവശ്യവും ഹരജിയിലുണ്ട്. സെർച്ച് കമ്മിറ്റി അംഗത്തെ സെനറ്റ് നാമനിർദേശം ചെയ്യാത്ത പക്ഷം വേണ്ട നടപടി കൈക്കൊള്ളാൻ ചാൻസലറോട് നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള സർവകലാശാല വി.സി നിയമനം സംബന്ധിച്ച് നിർണായക സെനറ്റ് യോഗം ചേർന്ന് ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. സെർച്ച് കമ്മിറ്റി നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഗവർണർ നോട്ടിഫിക്കേഷൻ പിൻവലിച്ചശേഷം സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാം എന്നാണ് അവർ ഇന്നു സ്വീകരിച്ച നിലപാട്.