വി.സിമാരുടെ കേസ് നടത്തിപ്പിന് വൻ ചെലവ്; സർവകലാശാല ഫണ്ടിൽ നിന്ന് എടുത്തത് 1.13 കോടി
മുൻ കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ചെലവഴിച്ചത് 69 ലക്ഷം രൂപ, മുൻ കുഫോസ് വിസി ഡോ.റിജി ജോൺ 36 ലക്ഷം
തിരുവനന്തപുരം: ഗവർണർക്കെതിരായ കേസ് നടത്തിപ്പിന് സർവകലാശാല ഫണ്ടിൽ നിന്നും വി സിമാർ ചെലവിട്ടത് ഒരു കോടി പതിമൂന്നു ലക്ഷം രൂപ. മുൻ കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ 69 ലക്ഷം രൂപയും മുൻ കുഫോസ് വിസി ഡോ.റിജി ജോൺ 36 ലക്ഷം രൂപയും ചെലവാക്കി. ചെലവായ തുക വി സിമാരിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
2022ലാണ് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിസിമാരും ഗവർണരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. കണ്ണൂർ, സാങ്കേതിക സർവകലാശാല ഉൾപ്പടെയുള്ള സർവകലാശാലകളിലെ വിസിമാരെ പുറത്താക്കിക്കൊണ്ട് ഗവർണർ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്‌നങ്ങൾക്ക് ആധാരം. ഇതിന് പിന്നാലെ വിസിമാർ കോടതിയെ സമീപിക്കുകയും ചെയ്തു. വിസിമാർ ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം,ശ്രീനാരായണ വിസിമാരും കേസ് നടത്തിപ്പിന് പണം എടുത്തതായാണ് പുറത്തു വരുന്ന വിവരം.
കാലിക്കറ്റ് മുൻ വിസി ഡോ.എം കെ ജയരാജിന് 4 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയാണ് കേസിന് ചെലവായ തുക. യൂണിവേഴ്‌സിറ്റിയുടെ സ്റ്റാൻഡിംഗ് കൗൺസിലിനെ ഒഴിവാക്കിയാണ് ജയരാജ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനെ കേസ് നടത്തിപ്പിന് വേണ്ടി ചുതലപ്പെടുത്തിയത്.
ഗോപിനാഥ് രവീന്ദ്രനും റിജി ജോണിനും സമാനരീതിയിൽ അഭിഭാഷകന് വേണ്ടി തന്നെയാണ് ചെലവായ തുകയത്രയും. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനായ കെകെ വേണുഗോപാലിന് വേണ്ടിയാണ് ഇവർ ഭീമമായ തുക ചെലവഴിച്ചത്. കെടിയു മുൻ വിസി എംഎസ് രാജശ്രിയുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണർ-വിസി പ്രശ്‌നങ്ങളുടെ തുടക്കം. രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതോടെ മറ്റ് വിസിമാരുടെ നിലനിൽപ്പും ചോദ്യം ചെയ്യപ്പെടുകയായിരുന്നു.