'സീനിയറായ മന്ത്രിമാരാരും ജൂനിയറായ എം.എൽ.എമാരുടെ അടുത്തേക്ക് പോകാറില്ലായിരുന്നു, പക്ഷേ അദ്ദേഹത്തിനാ വേർതിരിവുണ്ടായിരുന്നില്ല'; കോടിയേരിയെ അനുസ്മരിച്ച് സതീശൻ
'കേരളം കണ്ട ശ്രദ്ധേയ നേതാക്കളിൽ മുൻനിരയിലാണ് കോടിയേരിയുടെ സ്ഥാനം'
കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഷ്ട്രീയമായി അകൽച്ച കാണിക്കുമ്പോഴും സൗഹൃദങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന ആളായിരുന്നു കോടിയേരിയെന്ന് സതീശൻ പറഞ്ഞു.
'2001 ൽ ആദ്യമായി എം.എൽ.എയായി എത്തുമ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുത്ത് ഇടപഴകാനുള്ള അവസരം വന്നത്. വി.എസ് മന്ത്രസഭയിൽ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. അന്ന് രൂക്ഷമായ വിമർശനങ്ങൾ ആഭ്യന്തര വകുപ്പിനെതിരെ നടത്തിയിരുന്ന നിയമസഭാംഗമായിരുന്നു ഞാൻ. പക്ഷേ അതൊന്നും അദ്ദേഹം കാണിക്കാറില്ലായിരുന്നു. വളരെ ജൂനിയറായ എന്റെ സീറ്റിലേക്ക് അദ്ദേഹം വരുമായിരുന്നു. സീനിയറായ പല മന്ത്രിമാരും ജൂനിയറായ എം.എൽ.എമാരുടെ അടുത്തേക്ക് പോകാറില്ല. അദ്ദേഹത്തിന് ജൂനിയർ-സീനിയർ വേർതിരിവുണ്ടായിരുന്നില്ല. വിമർശിക്കുമ്പോഴും സൗഹൃദം കാണിക്കുമെന്നും വി.ഡി.സതീശന്‍ ഓര്‍ത്തെടുത്തു.
'കോടിയേരി അഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് പൊലീസ് ആക്ട് കേരളത്തിൽ നടപ്പാക്കാൻ തീരുമാനിക്കുന്നത്. ഞാനും തിരുവഞ്ചൂർ രാധാകൃഷനും ആ സമിതിയിൽ അംഗമായിരുന്നു. ഇന്ത്യ മുഴുവൻ സഞ്ചരിച്ച് വിശദമായി പഠിച്ചാണ് പൊലീസ് ആക്ട് തയ്യാറാക്കിയിരിക്കുന്നത്. അത് ഇന്ത്യക്ക് മുഴുവൻ മാതൃകയാണ്. നമ്മളുമായി സഹകരിക്കാനുള്ള അന്തരീക്ഷം അദ്ദേഹം തന്നെ സൃഷ്ടിക്കുമായിരുന്നു. എപ്പോഴും പോസറ്റീവായിട്ടുള്ള സമീപനമായിരുന്നു. നമ്മൾ പറയുന്ന നിർദേശങ്ങൾ വളരെ ഗൗരവത്തോടെ എടുക്കുമായിരുന്നു. അതിനെ പിന്തുണക്കുകയും ചർച്ചചെയ്യുകയും ചെയ്തു. ഏത് കാര്യത്തെയും തുറന്ന മനസോടെ കാണുന്ന വ്യക്തി. കേരളം കണ്ട ശ്രദ്ധേയ നേതാക്കളിൽ മുൻനിരയിലാണ് കോടിയേരിയുടെ സ്ഥാനമെന്നും സതീശൻ അനുസ്മരിച്ചു.
അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് കോടിയേരി അന്തരിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും .വൈകിട്ട് മൂന്ന് മണി മുതൽ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം. ടൗൺഹാളിലും മാടപ്പീടികയിലെ വസതിയിലും പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പയ്യാമ്പലത്തെത്തിക്കുക. ആദരസൂചകമായി തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.