കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണം: വി.ഡി സതീശൻ
എൻ.എൻ കൃഷ്ണദാസിന്‍റെ മാധ്യമങ്ങള്‍ക്കെതിരായ പ്രസ്താവന ശരിയല്ലെന്ന് സതീശന്‍
തിരുവനന്തപുരം: കോഴ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്ദാനം ചെയ്തത് അറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നണിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എംഎൽഎമാർക്ക് കോഴ എന്നത് ക്രിമിനൽ കുറ്റമാണെന്ന് സതീശൻ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മറച്ചുവെച്ചു. മുഖ്യമന്ത്രിക്കെതിരേയും കേസെടുക്കണം. മാധ്യമങ്ങൾക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ് പറഞ്ഞത് ശരിയല്ല. അത് സിപിഎമ്മിൻ്റെ ഭാഷയാണ്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ഉത്തരവാദികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണെന്ന് സതീശൻ ആരോപിച്ചു. സർക്കാറും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ സംരക്ഷിക്കുന്നു. ആത്മഹത്യക്ക് ശേഷം ഉണ്ടാക്കിയ വ്യാജ പരാതി എകെജി സെന്‍ററിലാണ് ഉണ്ടാക്കിയതെന്നും വി.ഡി സതീശൻ ആരോപിച്ചു..