'യുഡിഎഫുമായി വിലപേശല്‍ അനുവദിക്കില്ല': അന്‍വറിനോട് വി.ഡി സതീശൻ

ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ പി.വി അൻവർ ആയിട്ടില്ലെന്നും സതീശൻ

Update: 2024-10-22 04:02 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പാലക്കാട്: യുഡിഎഫുമായി വിലപേശാൻ ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചേലക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പറയാൻ പി.വി അൻവർ എംഎൽഎ ആയിട്ടില്ലെന്നും സതീശൻ മീഡിയ വണ്ണിനോട് പറഞ്ഞു.

സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുള്ളയാളാണ് താനെന്നും വി.ഡി സതീശൻ വ്യക്തമാക്കി. വി.ഡി സതീശന്റെ അഹങ്കാരത്തിന് വിലനൽകേണ്ടിവരുമെന്ന പി.വി അൻവറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടും. പി.സരിൻ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നത് കോൺഗ്രസിനെ ബാധിക്കില്ല. ഞങ്ങളുടെ കയ്യിൽനിന്ന് സീറ്റ് കിട്ടാത്ത ആളാണ് പുറത്തുപോയത്. പി.സരിൻ ബിജെപിയിൽ പോയി സീറ്റ് കിട്ടുമോ എന്ന് നോക്കി അത് നടന്നില്ല. പിന്നാലെയാണ് സിപിഎമ്മിനൊപ്പം പോയത്.

ആഭ്യന്തര തർക്കങ്ങൾ കോൺഗ്രസിനകത്ത് ഇല്ല. ഡിഎംകെ പിന്തുണയുള്ള സ്ഥാനാർഥികളെ പിൻവലിക്കണോ വേണ്ടയോ എന്നത് അൻവറിന്റെ ഇഷ്ടം. പിന്തുണ ആവശ്യപ്പെട്ടത് സാധാരണ രാഷ്ട്രീയനീക്കം മാത്രമാണ്. എന്നാല്‍ യുഡിഎഫുമായി ഒരാളും വിലപേശലിന് വരേണ്ട. ഞങ്ങൾക്ക് ആത്മാഭിമാനമുണ്ടെന്നും സതീശൻ പറഞ്ഞു.

Full View

പ്രതിപക്ഷ നേതാവെന്ന അഹങ്കാരത്തിന് വി.ഡി സതീശൻ വിലകൊടുക്കേണ്ടിവരുമെന്ന് പി.വി അൻവർ എംഎൽഎ പറഞ്ഞിരുന്നു. പാലക്കാട്ട് ബിജെപി ജയിച്ചാൽ തന്റെ തലയിലിടാനാണ് സതീശന്റെ ശ്രമമെന്നും അൻവർ കുറ്റപ്പെടുത്തിയിരുന്നു. ചേലക്കരയിൽ കോൺ​ഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ച് തന്റെ ഡിഎംകെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു.  

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News