'ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ട്; ആഭ്യന്തരം ഒഴിഞ്ഞുകൊടുക്കൂ'- വി.ഡി സതീശൻ

'ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നത്. ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ'.

Update: 2024-09-21 11:11 GMT
Advertising

കൊച്ചി: തൃശൂർ പൂരം കലക്കലിലും എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിലുമടക്കം വീണ്ടും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് നേതാവിനെ കാണാൻ എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും അതിനു ശേഷമാണ് പൂരം കലക്കിയതെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തെന്നും പറഞ്ഞ സതീശൻ, അദ്ദേഹം ആഭ്യന്തരവകുപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ടു.

എഡിജിപി മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല പോയതെങ്കിൽ അദ്ദേഹത്തോട് വിശദീകരണം ചോദിക്കണ്ടേ?. മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ടല്ല എഡിജിപി പോയതെങ്കിൽ, ഇന്റലിജൻസ് റിപ്പോർട്ട് എന്തിന് പൂഴ്ത്തി?. ‌അപ്പോൾ, മുഖ്യമന്ത്രിയുടെ ദൂതൻ ആയിട്ട് തന്നെയാണ് എഡിജിപി ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷമാണ് പൂരം കലക്കിയത്. കമ്മീഷണറേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ എഡിജിപി അവിടെ മുഴുവൻ സമയം ഉണ്ടായിരുന്നു. പൂരം കലക്കാൻ പോയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് ഉദ്യോ​ഗസ്ഥനെ സംരക്ഷിക്കുന്നത്- സതീശൻ പറഞ്ഞു.

മാനേജ്മെൻ്റിന്റെ ബ്ലൂ പ്രിന്റ് വേണ്ട എന്നു പറഞ്ഞ് എഡിജിപി ആണ് പുതിയ ബ്ലൂ പ്രിൻ്റ് കൊണ്ടുവന്നത്. പൂരം കലക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. ബിജെപിക്ക് ജയിക്കാൻ അന്തരീക്ഷം ഒരുക്കി കൊടുത്തു. അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും എന്നാൽ യഥാർഥ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

തൃശൂർ പൂരം കലക്കിയതിൽ ഏപ്രിൽ 21ന് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കക്കം അന്വേഷണ റിപ്പോർട്ട് നടത്താനായിരുന്നു ആവശ്യം. എന്നാൽ അതുണ്ടായില്ല. അഞ്ചുമാസം കഴിഞ്ഞിട്ട് വീണ്ടും ഒരാഴ്ച നീട്ടി നൽകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് വേണമെന്ന് ഉത്തരവിട്ടിട്ടും അതുണ്ടായില്ലെങ്കിൽ പിന്നെന്തിനാണ് പിണറായി വിജയൻ ആ കസേരയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയൻ ആ ആഭ്യന്തര വകുപ്പെങ്കിലും ഒഴിഞ്ഞു കൊടുക്കൂ. പിണറായിയെക്കൊണ്ട് പൊലീസിനെ നിയന്ത്രിക്കാനാവില്ല. പിണറായി വിചാരിച്ചാൽ ഒരു റിപ്പോർട്ടും കിട്ടില്ല- സതീശൻ ചൂണ്ടിക്കാട്ടി.

അതല്ല, തൃശൂർ പൂരം കലക്കിയത് അന്വേഷിച്ചാൽ യഥാർഥത്തിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആളുകൾ പ്രതികളാവുമെന്ന ഭയം കൊണ്ടാണോ ഈ കേസ് അന്വേഷിക്കാത്തതെന്നും സതീശൻ ചോദിച്ചു. പൂരം കലക്കിയത് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പങ്ക് പുറത്തുവരും. ഒരു അന്വേഷണം നടന്നിട്ടില്ല എന്ന് വിവരാവകാശ മറുപടി നൽകിയ സത്യസന്ധനായ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്. അയാളെവച്ച് അന്വേഷണം നടത്താൻ പാടില്ലെന്നാണ് പറയുന്നത്. പക്ഷേ എഡിജിപിയെ വച്ച് അന്വേഷണം നടത്താം. എഡിജിപിക്കെതിരെ ​ഗുരുതര ആരോപണം വന്നപ്പോൾ ആ എഡിജിപിക്കെതിരെ അയാളെ അതേ സ്ഥാനത്ത് നിലനിർത്തിക്കൊണ്ടുതന്നെ അന്വേഷണം നടത്തുന്നത്- സതീശൻ കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News