'അജിത് കുമാറിൻ്റെ സ്ഥാനമാറ്റം പ്രതിപക്ഷത്തെ ഭയന്ന്, നടപടി പ്രഹസനം'; വിമർശിച്ച് വി.ഡി സതീശൻ

നിയമസഭ തീരുന്നത് വരെ സിപിഐയെ മെരുക്കാനാണ് ഈ മാറ്റമെന്ന് കെ.മുരളീധരൻ പറഞ്ഞു

Update: 2024-10-06 18:00 GMT
Advertising

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ നടപടി പ്രഹസനമാണെന്ന് പ്രതിപക്ഷം. നിയമസഭ തുടരുമ്പോൾ കണ്ണിൽ പൊടിയിടാനുള്ള ഒരു മാറ്റം മാത്രമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പേരിൽ ഒരു മാറ്റം മാത്രമാണെന്നും ബാക്കി നാളെ സഭയിൽ പറയാമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഡിജിപിയുടെ റിപ്പോർട്ടിൽ പി ശശി വെള്ളം ചേർത്തെന്നും നിയമസഭ തീരുന്നത് വരെ സിപിഐയെ മെരുക്കാനാണ് ഈ മാറ്റമെന്നും കെ.മുരളീധരൻ പറഞ്ഞു.

'അജിത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത് പ്രതിപക്ഷത്തെ ഭയന്നാണെന്ന് വ്യക്തമാണ്. ഇതൊരു തരത്തിലുള്ള പ്രഹസനമാണ്. കഴിഞ്ഞ 32 ദിവസവും സ്ഥാനത്ത് തുടർന്നു, ഇനിയും വളരെ പ്രധാനപ്പെട്ട സ്ഥാനത്തു തന്നെ ഇരിക്കുകയാണ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് ആനുപാതികമായിട്ടുള്ള നടപടിയല്ല ഉണ്ടായിരിക്കുന്നത്.'- വി.ഡി സതീശൻ പറഞ്ഞു.

'നിമയസഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് തടിതപ്പാനും പുകമുറ സൃഷ്ടിക്കാനും ചട്ടപ്പടി നടപടി മാത്രമാണിതെ'ന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ്റെ പ്രതികരണം. 'പൂരം കലക്കിയത് ഉള്‍പ്പെടെ ഇതുവരെയുള്ള പ്രതിപക്ഷ ആരോപണം എല്ലാം പരോക്ഷമായി സമ്മതിക്കുന്നതാണ് എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായ സാഹചര്യ'മെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവിലാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കി നടപടി ഒതുക്കുകയാണ് ചെയ്തത്. അതേസമയം, സായുധ ബറ്റാലിയന്‍റെ ചുമതലയില്‍ അദ്ദേഹം തുടരും. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ റിപ്പോർട്ടിനു പിന്നാലെയാണു നടപടി. മുഖ്യമന്ത്രി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് രാത്രി വൈകി നടപടി വന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News