ഫലസ്തീൻ വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു, ലീഗിൽ സമ്മർദം ചെലുത്തിയില്ല: വി.ഡി സതീശൻ
"ലീഗുമായി ദീർഘകാലത്തെ സഹോദര ബന്ധമാണ് കോൺഗ്രസിന്റേത്, കോൺഗ്രസിനെ വിഷമിപ്പിക്കുന്ന തീരുമാനം ലീഗ് എടുക്കില്ല"
ഫലസ്തീൻ വിഷയം സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് ലീഗിന് മേൽ സമ്മർദം ചെലുത്തിയിട്ടിന്നും കോൺഗ്രസിനെ വിഷമിപ്പിക്കുന്ന തീരുമാനം ലീഗ് എടുക്കില്ലെന്നും സതീശൻ പറഞ്ഞു.
"ലീഗുമായി ദീർഘകാലത്തെ സഹോദര ബന്ധമാണ് കോൺഗ്രസിന്റേത്. കോൺഗ്രസിനെ വിഷമിപ്പിക്കുന്ന തീരുമാനം ലീഗ് എടുക്കില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കില്ല. റാലി വിഷയത്തിൽ ലീഗിന് കോൺഗ്രസിൽ നിന്നും സമ്മർദ്ദം ഇല്ല. കോൺഗ്രസിന് സമ്മർദ്ദം ചെലുത്തേണ്ട ആവശ്യവുമില്ല.
സിപിഎമ്മിനേക്കാളും കേഡർ ആയിട്ടുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ്. ലീഗിന്റെ നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയിൽ പങ്കെടുക്കില്ല. സിപിഎം എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നത്. അവരുടെ ജന പിന്തുണ നഷ്ടമായി എന്ന് സിപിഎമ്മിന് അറിയാം. ക്ഷണം കിട്ടി 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തു. ഫലസ്തീൻ വിഷയത്തിൽ സിപിഎമ്മിന്റെ ആത്മാർത്ഥത കൂടി ഇതോടെ വെളിപ്പെട്ടു.
ഇതെല്ലാം സിപിഎമ്മിന്റെ ആഗ്രഹങ്ങളാണ്. റാലി നടത്താൻ സിപിഎം തീരുമാനിച്ചു. പക്ഷേ ചർച്ചയോ... ലീഗ്, സമസ്ത, കോൺഗ്രസ് ഇവരെയെല്ലാം പറ്റിയാണ് ചർച്ച. സിപിഎമ്മിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് പറയാതെ പറയുന്നു. രാഷ്ട്രീയമായ കൺഫ്യൂഷൻ ഉണ്ടാക്കി രാഷ്ട്രീയ ലാഭമാണ് സിപിഎം ലക്ഷ്യമിടുന്നത്. ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്.
കേരളത്തിൽ പങ്കെടുക്കരുത് എന്ന് മണിശങ്കർ അയ്യറേ അറിയിച്ചിരുന്നു. ബാക്കി കാര്യങ്ങൾ എഐസിസി തീരുമാനിക്കട്ടെ. ആര്യാടൻ ഷൗക്കത്തിന്റെ കാര്യം കെപിസിസി പ്രസിഡന്റ് പറയും. പൊന്നാനിയിൽ ഇടത് സ്വതന്ത്രനായി ആര്യാടനെ പരിഗണിക്കും എന്നത് വാർത്തകളാണ്. നൂറു വയസ്സ് തികഞ്ഞ വിഎസ് അച്യുതാനന്ദനെ മോശമാക്കി ലോറൻസ് എന്തിന് എഴുതി എന്ന് പിണറായി വിജയനോട് മാധ്യമങ്ങൾ ചോദിക്കുമോ?". സതീശൻ ചോദിച്ചു