'എന്റെയോ സുധാകരന്റെയോ ഗ്രൂപ്പുണ്ടാക്കാതെ പാർട്ടി ശക്തിപ്പെടുത്തണം'; ഗ്രൂപ്പ് മാനേജർമാരെ കുത്തി വി.ഡി സതീശൻ
കോൺഗ്രസിന്റെ ദക്ഷിണ മേഖലാ ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പിലായിരുന്നു സതീശന്റെ പരാമർശം. എ, ഐ ഗ്രൂപ്പ് നേതാക്കൾ ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല.
കൊച്ചി: ഗ്രൂപ്പ് നേതാക്കൾ വിട്ടുനിന്നെങ്കിലും സംഘടനാപരമായി വൻ വിജയമായി കോൺഗ്രസിന്റെ ദക്ഷിണ മേഖലാ ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പ്. രണ്ടുദിനം നീണ്ട ക്യാമ്പിൽ ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള പ്രവർത്തന മാർഗരേഖ കൈമാറുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തു. കെ.മുരളീധരൻ ക്യാമ്പിലെത്തി വിമത നീക്കങ്ങളെ വിമർശിച്ചത് കെ. സുധാകരനും വി.ഡി സതീശനുമുള്ള പിന്തുണകൂടിയായി.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ 134 ബ്ലോക്ക് പ്രസിഡന്റുമാരിൽ 132 പേരും ക്യാമ്പിൽ പങ്കെടുത്തു. പങ്കെടുക്കാതിരുന്ന രണ്ടുപേരും കൃത്യമായ കാരണം നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നു. ബ്ലോക്ക് പ്രസിഡന്റുമാർക്കുള്ള പ്രവർത്തന മാർഗരേഖ അടങ്ങിയ പുസ്തകം ക്യാമ്പിൽ വിതരണം ചെയ്തു. അഞ്ച് മണിക്കൂർ നീണ്ട പൊതുചർച്ചയിൽ പ്രാദേശികതലത്തിലെ പാർട്ടിയുടെ ദൗർബല്യങ്ങളെല്ലാം ചർച്ചയായി. മണ്ഡലം - ബ്ലോക്ക് തലങ്ങളിലെ തർക്കങ്ങളിൽ തീരുമാനമെടുക്കാത്തത്, തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാർഥികളെ ഡി.സി.സികൾ അടിച്ചേൽപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളിൾ ശക്തമായ വിമർശനം പ്രതിനിധികൾ ഉയർത്തി.
പാർട്ടി പരിപാടികൾ കൃത്യമായി നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനം വേണമെന്ന ആവശ്യവുമുയർന്നു. നാലര മണിക്കൂർ നീണ്ട പൊതു ചർച്ചയിൽ കെ. സുധാകരനും വി.ഡി സതീശനും മുഴുവൻ സമയവും പങ്കെടുത്തു. തന്റെയോ സുധാകരന്റെയോ ഗ്രൂപ്പുണ്ടാക്കാതെ സംഘടന ശക്തിപ്പെടുത്താൻ നോക്കണമെന്ന വി.ഡി സതീശന്റെ പ്രസംഗത്തിന് പ്രതിനിധികൾ കയ്യടിച്ചു. രമേശ് ചെന്നിത്തല അടക്കമുള്ള ഗ്രൂപ്പ് നേതാക്കൾ വിട്ടുനിന്ന ക്യാമ്പിൽ കെ. മുരളീധരൻ പങ്കെടുത്ത് ഗ്രൂപ്പ് നേതാക്കളെ വിമർശിച്ചത് സുധാകരനും സതീശനും ആശ്വാസമായി. ക്യാമ്പ് ബഹിഷ്‌കരിച്ച ബെന്നി ബെഹ്നാൻ എം.പി അതിനിടെ ബ്ലോക്ക് പ്രസിഡന്റുമാർക്ക് അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി. ജെ.എസ് അടൂർ, സുധാ മേനോൻ തുടങ്ങിയവരുടെ പഠന ക്ലാസുകളും ക്യാമ്പിലുണ്ടായിരുന്നു.