ഗവർണറും സർക്കാരും തമ്മിൽ കൊടുക്കൽ വാങ്ങൽ; നയപ്രഖ്യാപനത്തിന്റെ പേരിൽ നടന്നത് അനാവശ്യ നാടകം: വി.ഡി സതീശൻ
കൊടുക്കൽ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവർണറുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയപ്പോൾ, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സർക്കാർ ഫയലിൽ എഴുതിച്ചേർത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയിൽ സർക്കാർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുകയാണ്.
സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങൽ നാടകമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയാണെന്നത് അടിവരയിടുന്നതാണ് ഗവർണറും സർക്കാരും ഇന്ന് നടത്തിയ നാടകം. കൊടുക്കൽ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീർക്കാനുള്ള നാടകമാണ് സംസ്ഥാനത്ത് നടന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവർണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണ് ഈ നാടകം. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവർണർ ചെയ്യുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവർണറെ നിയന്ത്രിക്കുന്നത്. സംഘപരിവാർ പറയുന്നത് ആവർത്തിച്ച് പറയുന്ന ജോലിയാണ് ഗവർണർ ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കൊടുക്കൽ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവർണറുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയപ്പോൾ, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സർക്കാർ ഫയലിൽ എഴുതിച്ചേർത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയിൽ സർക്കാർ ഇപ്പോൾ എത്തിച്ചേർന്നിരിക്കുകയാണ്. കണ്ണൂർ വി.സി നിയമനത്തിലും ലോകായുക്ത ഓർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാതെ ഒപ്പു വച്ചതും ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഒത്തുകളിയാണ്. നയപ്രഖ്യാപനത്തിന്റെ തലേ ദിവസം അനാവശ്യ നാടകം കളിച്ച് ഞങ്ങൾ തമ്മിൽ സംഘർഷത്തിലാണെന്ന് വരുത്തി തീർത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
സർക്കാരിന്റെ എല്ലാ ആവശ്യങ്ങളും ഗവർണർ അംഗീകരിച്ചു. നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കുന്നത് വൈകിപ്പിച്ച് ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവച്ച ഗവർണർ തന്നെയാണ് തൊട്ടുപിന്നാലെ സഭ വിളിച്ചു ചേർക്കാൻ ഉത്തരവിട്ടത്. ഇതിലൂടെ ഗവർണറും സർക്കാരും ചേർന്ന് നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.