വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം: വനിതാ യൂട്യൂബറെ കണ്ടെത്താനായില്ല, കാർ കസ്റ്റഡിയിലെടുത്തു
കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്
കൊല്ലം: മാമ്പഴത്തറ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ച വനിതാ വ്ളോഗര്‍ അമല അനുവിന്‍റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി അമല കൊച്ചിയിലേക്ക് മാറിയെന്നാണ് വിവരം. അതെ സമയം അമല അനു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
വന്യജീവി സംരക്ഷണനിയമത്തിലെ എട്ട് വകുപ്പുകൾ പ്രകാരമാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് മാസം മുമ്പാണ് അമല അനു വിവാദ വീഡിയോ തന്‍റെ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിരുന്നത്. ഹെലിക്യാം ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച ശേഷം ആനയെ അടുത്ത് കാണാൻ അമല സാഹസികമായി കാട്ടിലേക്ക് കയറുന്നതും കലിപൂണ്ട കാട്ടാന അമലയെ ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ അന്ന് അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ചില ട്രോൾ ഗ്രൂപ്പുകളിലും ഓൺലൈൻ പേജുകളിലുമായി വൈറലായി. തുടർന്ന് വനം വകുപ്പിന്‍റെ ശ്രദ്ധയിൽ പെട്ടതോടെ വീഡിയോ പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചുകയറിയതിനും ആനയെ പ്രകോപിപ്പിച്ചതിനും വന്യജീവി സംരക്ഷണനിയമപ്രകാരം എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളും കൂട്ടത്തിലുണ്ട്. കേസെടുത്തെന്നറിഞ്ഞതോടെ അമല തന്‍റെ പേജിൽ നിന്നും വീഡിയോ നീക്കം ചെയ്തു.