'വിദ്യ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണ്‍ ഉപയോഗിച്ച്'; പൊലീസ്
ഡിലീറ്റ് ചെയ്ത രേഖകൾ സൈബർ വിദഗ്‌ധരുടെ സഹായത്തോടെ തിരികെ ലഭിച്ചതായും ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും പൊലീസ്
മണ്ണാര്‍ക്കാട്: അട്ടപ്പാടി ഗവൺമെന്‍റ് കോളജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ച കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യ ഫോണിൽ നിന്ന് തന്നെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്ന് പൊലീസ്. ഡിലീറ്റ് ചെയ്ത രേഖകൾ സൈബർ വിദഗ്‌ധരുടെ സഹായത്തോടെ തിരികെ ലഭിച്ചതായും ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്നും പൊലീസ് പറഞ്ഞു. വിദ്യയുടെ ഫോണിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് പൊലീസ് വാദം.
അട്ടപ്പാടി ഗവൺമെന്‍റ് കോളജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ വിദ്യയ്ക്ക് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കരിന്തളം കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ജോലി നേടിയ സംഭവത്തിൽ നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് നീലേശ്വരം പൊലീസ് വിദ്യക്ക് നോട്ടീസ് നൽകി.
വിദ്യയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ജാമ്യം നൽകണമെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യം പരിഗണിച്ചാണ് മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി വിദ്യക്ക് ജാമ്യം നൽകിയത്. രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് വിദ്യയെ വിട്ടത്. അൻപതിനായിരം രൂപ കോടതിയിൽ കെട്ടിവെച്ചു. രണ്ടാഴ്ച്ചയിൽ ഒരിക്കൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കുത്, കേരളം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ജാമ്യം ലഭിച്ചാൽ കരിന്തളം കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ വിദ്യയെ അറസ്റ്റ് ചെയ്യാനായി നീലേശ്വരം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണാർക്കാട് കോടതിയിൽ എത്തിയിരുന്നു. എന്നാൽ നോട്ടീസ് നൽകാതെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത് വിദ്യയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തി കാട്ടിയിരുന്നു.
കോടതിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം വിദ്യ മാധ്യമങ്ങോട് സംസാരിച്ചില്ല. എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം നൽകിയതെന്ന് വിദ്യയുടെ അഭിഭാഷകൻ പറഞ്ഞു.