'ആവശ്യമെങ്കിൽ ജോർജിയയിലേക്ക് പോകും, നാളെ ഹാജരായില്ലെങ്കിൽ വിജയ് ബാബുവിനെതിരെ റെഡ്‌കോർണർ നോട്ടീസ്'; സിറ്റി പൊലീസ് കമ്മീഷണർ
ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റിപൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു. ആവശ്യമെങ്കിൽ അന്വേഷണ സംഘം ജോർജിയയിലേക്ക് പോകുമെന്നും കമ്മീഷണർ പറഞ്ഞു. ഇന്ത്യൻ എംബസിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ജോർജിയയിലേക്ക് കടന്നിരുന്നു. ഇന്റർപോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയത്.
ദുബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുന്നതിനിടെയാണ് ജോർജിയയിലേക്ക് കടന്നത്. ദുബൈയിൽ തുടരുന്നത് അറസ്റ്റിലേക്ക് നീങ്ങാൻ ഇടയാക്കുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഇയാൾ രാജ്യം വിട്ടത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്.
കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട്ട് അസാധുവാക്കിയിരുന്നു. ഇതിന് മുന്നേ തന്നെ ഇയാൾ ജോർജിയയിലേക്ക് കടന്നതായാണ് വിവരം. ഈ മാസം 24നകം ഹാജരാകാം എന്നാണ് പാസ്പോർട്ട് ഓഫീസർക്ക് വിജയ് ബാബു നൽകിയിരിക്കുന്ന ഉറപ്പ്.