കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ
വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്‌മണ്യനാണ് വിജിലൻസ് പിടിയിലായത്
മലപ്പുറം: കൂട്ടിലങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരന്‍ പിടിയില്‍. ഫീൽഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് വിജിലന്‍സ് പരിശോധനയില്‍ പിടിയിലായത്. 4000 രൂപയാണ് സുബ്രഹ്മണ്യൻ കൈക്കൂലി വാങ്ങിയത്.
സ്ഥലത്തിന്‍റെ പട്ടയം ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയ യുവാവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച 4000 രൂപയുമായെത്തണമെന്നായിരുന്നു സുബ്രഹ്മണ്യന്‍ യുവാവിനോട് പറഞ്ഞത്. എന്നാല്‍, യുവാവ് വിജിലന്‍സ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടുകൂടി പണം കൈമാറിയതിനു ശേഷമാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
വില്ലേജ് ഓഫീസറടക്കമുള്ളവര്‍ക്കായാണ് 4000 രൂപ കൈക്കൂലി വാങ്ങുന്നതെന്നാണ് സുബ്രഹ്മണ്യന്‍ പരാതിക്കാരനോട് പറഞ്ഞത്. നിരവധിതവണ വില്ലേജ് ഓഫീസ് കയറിയിറങ്ങിയെന്നും സഹികെട്ടാണ് കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു. സുബ്രഹ്മണ്യന്‍ ഇതിനുമുന്‍പും കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇക്കാര്യംകൂടി അന്വേഷണവിധേയമാകുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.