'വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല'; പദ്ധതി മുടക്കാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്ന് എം.വി.ഗോവിന്ദൻ

ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Update: 2023-10-15 08:13 GMT
Advertising

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി മുടക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്. ഇടതുപക്ഷം നിലപാടിൽ ഉറച്ചു നിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

പദ്ധതിക്ക് തുടക്കം കുറിച്ചത് യു.ഡി.എഫ് സർക്കാരിൻ്റെ കാലത്തായതിനാൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇടണമെന്നാണ് കോൺഗ്രസ് ആവശ്യം. ഈ ആവശ്യം ആദ്യം തന്നെ സർക്കാർ തള്ളിയിരുന്നു. എഗ്രിമെൻ്റ് ഒപ്പ് വെച്ചാൽ മാത്രം പദ്ധതി വരില്ലെന്നാണ് കോൺഗ്രസിനുള്ള സർക്കാർ മറുപടി.

എന്നാല്‍, ഉള്ളത് പറയുമ്പോൾ തുള്ളൽ വന്നിട്ട് കാര്യമില്ലെന്നും എത്ര തുള്ളിയാലും ആ ക്രഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് തുരങ്കം വെച്ചവരാണ് പിണറായിയും കൂട്ടരുമെന്നും അന്നത്തെ ഉദ്ഘാടനം ബഹിഷ്കരിച്ചവരാണ് സിപിഎമ്മെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശം. 

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിനെ ഇന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കും. വൈകുന്നേരം നാലിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 5,000 പേര്‍ക്ക് ഇരിക്കാനാവുന്ന സ്റ്റേജാണ് പരിപാടിക്കായി തയ്യാറാക്കിയത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News