വിഴിഞ്ഞം തുറമുഖം; ട്രയൽ റൺ ജൂൺ അവസാനത്തോടെ നടക്കും

തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകൾ സ്ഥലത്തെത്തിച്ചു

Update: 2024-05-21 04:15 GMT
Advertising

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ തന്നെ തുടങ്ങിയേക്കും. ഇനി പൂർത്തിയാകാനുള്ളത് നൂറ് മീറ്റർ ബർത്തിന്റെ നിർമാണമാണ്. തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

വലിയ തടസ്സമായി നിന്ന ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി. കുരിശ്ശടി നിൽക്കുന്ന സ്ഥലത്തെ തർക്കം താത്കാലികമായി പരിഹരിച്ചാണ് മതിൽ കെട്ടിയത്. 2965 മീറ്റർ പുലിമുട്ട് മതിയെങ്കിലും 3005 മീറ്റർ ഇതിനോടകം പണിതു. അവശേഷിക്കുന്നത് 800 മീറ്റർ വേണ്ട ബർത്തിന്റെ 100 മീറ്റർ നിർമാണം മാത്രമാണ്. തുറമുഖ പ്രവർത്തിനാവശ്യമായ 31 ക്രെയിനുകൾ എത്തിച്ചു. അവസാന ക്രെയിൻ ജൂലൈയിലെത്തും. ട്രയൽ റൺ തുടങ്ങാൻ 28 ക്രെയിൻ മതി.

ബാർജുകളിലെത്തിക്കുന്ന കണ്ടെയിനറുകൾ ഇറക്കിയും കയറ്റിയുമാണ് ട്രയൽ റൺ നടത്തുന്നത്. സെമി ഓട്ടോമാറ്റിക് രീതിയിലാണ് ക്രെയിനിന്റെ പ്രവർത്തനം. ട്രയൽ വിജയകരമായാൽ തുറമുഖം ഓണത്തിന് കമ്മീഷൻ ചെയ്യുന്നത് സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തുറമുഖ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

റെയിൽ കണക്ടിവിറ്റിയും തുറമുഖ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും ഇനി ഒരുക്കണം. റോഡ് ഒരുക്കലിന് ഭൂമിയേറ്റെടുക്കലിനായി 11 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ വിസിലിന് അനുവദിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാകുന്ന മുറക്ക് അദാനി പോർട്ടിന് നൽകാനുള്ള 1200 കോടി രൂപ സംസ്ഥാന സർക്കാർ കൈമാറണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വയബിലിറ്റി ഗ്യാപ് ഫണ്ടായി 1200 കോടി രൂപയും നൽകേണ്ടതുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News