ഹമാസിനെ പൂർണമായി നിരായുധീകരിക്കണം: വി.ടി ബൽറാം

'യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചിയിക്കണം'

Update: 2023-10-13 10:32 GMT
Editor : abs | By : Web Desk
Advertising

ഇസ്രായേൽ-ഫലസ്തീൻ പ്രശ്‌നത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. മേഖലയിലെ ശാശ്വത സമാധാനത്തിന് ഹമാസിനെ പൂർണമായി നിരായുധീകരിക്കണമെന്നും യുഎൻ ഇടപെട്ട് ഇരുരാജ്യങ്ങളുടെയും അതിർത്തി നിശ്ചിയിക്കണമെന്നും ബൽറാം അഭിപ്രായപ്പെട്ടു.

ബൽറാമിന്റെ കുറിപ്പ്;

ഇരു രാജ്യങ്ങളും യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക. ഹമാസിനെ പൂർണ്ണമായി നിരായുധീകരിക്കുക. ഐക്യ രാഷ്ട്ര സഭ ഇടപെട്ട് ഇസ്രയേൽ-ഫലസ്തീൻ അതിർത്തികൾ കൃത്യമായി നിശ്ചയിക്കുക. ആ അതിർത്തികളെ ബഹുമാനിക്കാൻ ഇരുകൂട്ടരേയും പ്രേരിപ്പിക്കുക. 

ഭാവിയിൽ കൂടുതൽ അധിനിവേശങ്ങൾ ഉണ്ടാവില്ലെന്ന് ലോക രാഷ്ട്രങ്ങൾ ചേർന്ന് ഉറപ്പിക്കുക. നിരപരാധികളുടേയും കുട്ടികളുടേയും ചോര തെരുവുകളിൽ വാർന്നൊഴുകുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. ഇവിടെ സേഫ് സോണിലിരുന്ന് ഇരുഭാഗത്തും പക്ഷം ചേർന്ന് ആക്രോശങ്ങൾ മുഴക്കുന്ന രക്തദാഹികളെയും വെറുപ്പിന്റെ വ്യാപാരികളേയും തിരിച്ചറിയുക.

അതിനിടെ, ബൽറാമിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ വ്യാപക വിമർശം ഉയരുന്നുണ്ട്. ഹമാസിനെ നിരായുധീകരിക്കണമെന്ന് പറയുന്ന ബൽറാം എന്തു കൊണ്ടാണ് ഇസ്രായേലിനെ ആയുധമുക്തമാക്കണമെന്ന് ആവശ്യപ്പെടാത്തതെന്ന് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നു. യുഎൻ ഇടപെട്ട് നിശ്ചയിക്കുന്ന അതിർത്തികൾ ബഹുമാനിക്കാൻ രണ്ട് കൂട്ടരെയും പ്രേരിപ്പിക്കണമെന്ന വാദം ബാലിശമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഷയത്തില്‍ അഭിഭാഷകൻ അനൂപ് വിആർ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

" ഹമാസിനെ നിരായുധീകരിക്കണം " അപ്പോൾ ഇസ്രായേലിനെ നിരായുധീകരിക്കേണ്ടേ ? മിണ്ടാട്ടമില്ലാ . എമ്മാതിരി ന്യായീകരണം. ഇതു പോലൊരു വിഷയത്തിൽ രണ്ടു ഭാഗത്തും രക്തദാഹികൾ ആണെന്ന് പറയാൻ ചില്ലറ ഉളുപ്പൊന്നും പോരാ. ഇതിനോട് ഇത്രയെങ്കിലും പറയാതിരിക്കുന്നതെങ്ങനെ?

അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം ഏഴാം ദിവസവും തുടരുകയാണ്. വടക്കൻ ഗസ്സയിലുള്ളവരോടെല്ലാം തെക്കുഭാഗത്തേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. പതിനൊന്ന് ലക്ഷം പേരാണ് വടക്കൻ ഗസ്സയിൽ അധിവസിക്കുന്നത്. ഇസ്രായേൽ ആവശ്യം നിരാകരിക്കാൻ ഹമാസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അസാധ്യം എന്നാണ് യുഎൻ അന്ത്യശാസനത്തെ വിശേഷിപ്പിച്ചത്.




Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News