ഡിപിആർ പേജിന് രണ്ടേ കാൽ ലക്ഷം; സാഹിത്യത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്ന് വി.ടി ബൽറാം
ഡിപിആർ തയാറാക്കാൻ പാരീസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സർക്കാർ 22 കോടി നൽകിയത് സൂചിപ്പിച്ചാണ് വി.ടി ബൽറാമിന്റെ പരിഹാസം
യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിൾമാപ്പും ഉപയോഗിച്ച് വീട്ടിൽ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിയായ കെ റെയിൽ ഡിപിആറിലെ പേജിന് രണ്ടേ കാൽ ലക്ഷം വെച്ച് 22 കോടി രൂപ നൽകുന്നുണ്ടെന്നും സാഹിത്യത്തെ എൽഡിഎഫ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്നും മുൻ എംഎൽഎ വി.ടി ബൽറാം. ഡിപിആർ തയാറാക്കാൻ പാരീസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സർക്കാർ 22 കോടി നൽകിയത് സൂചിപ്പിച്ചാണ് വി.ടി ബൽറാമിന്റെ പരിഹാസം.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ലഭ്യമാക്കിയ ഡിപിആർ അപൂർണമെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. അപൂർണമായ സാഹചര്യം കൂടി വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമസഭാ ചോദ്യത്തിൻറെ ഭാഗമായി ലഭിച്ച രേഖയിൽ നിർണായക വിവരങ്ങളില്ല. 415 കിലോമീറ്റർ പാതയുടെ അലൈൻമെൻറില്ല. പ്രധാന സ്റ്റേഷനുകളുടെ വിവരങ്ങളില്ല. സാമ്പത്തിക, സാങ്കേതിക റിപ്പോർട്ടുകളും ലഭ്യമാക്കിയിട്ടില്ലെന്ന് അൻവർ സാദത്ത് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കെ റെയിൽ ഡിപിആറിൻറെ പകർപ്പ് സഭയിൽ നൽകി എന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.
നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണോവാണ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.
'സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിൾമാപ്പും ഉപയോഗിച്ച് വീട്ടിൽ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിക്ക് പൊതു ഖജനാവിൽ നിന്ന് നൽകുന്നത് 22 കോടി രൂപ!
1000 പേജോളം ഉണ്ടത്രേ ആർക്കും വേണ്ടാത്ത ആ റിപ്പോർട്ടിൽ. അതിനാണീ 22 കോടി. അതായത് ഒരു പേജിന് ഏതാണ്ട് രണ്ടേ കാൽ ലക്ഷം രൂപ.
ഈ സർക്കാർ ശുദ്ധ സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ഇനിയുമാരും പറയരുത്.
Former MLA VT Balram has said that ldf givernment is paying Rs 2.15 lakh for a page in the K Rail DPR, a home-made fictional work using speculation and Google maps without any technical basis, and that no one should say that the LDF government is not promoting literature.