'കമ്മ്യൂണിസ്റ്റുകളെപ്പോലെ ഫ്രോഡുകളും ഇരട്ടത്താപ്പുകാരും വേറെയുണ്ടോ?'; യെച്ചൂരിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ബല്‍റാം

രണ്ട് വര്‍ഷം മുന്‍പ് അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് വിമര്‍ശിച്ചതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറക്ക് വിമാനക്കമ്പനികള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. അന്ന് കുനാല്‍ കംറയെ അനുകൂലിച്ച് സിതാറാം യെച്ചൂരി എഴുതിയ ട്വീറ്റാണ് ഇപ്പോള്‍ ബല്‍റാം പങ്കുവെച്ചിരിക്കുന്നത്.

Update: 2022-06-14 08:03 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ നേരിടുന്ന രീതിയെ വിമര്‍‍ശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം രംഗത്ത്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിക്കൊണ്ടായിരുന്നു ബല്‍റാമിന്‍റെ വിമര്‍ശനം. രണ്ട് വര്‍ഷം മുന്‍പ് അര്‍ണബ് ഗോസ്വാമിയെ വിമാനത്തില്‍ വെച്ച് വിമര്‍ശിച്ചതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കംറക്ക് വിമാനക്കമ്പനികള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. അന്ന് കുനാല്‍ കംറയെ അനുകൂലിച്ച് സിതാറാം യെച്ചൂരി എഴുതിയ ട്വീറ്റാണ് ഇപ്പോള്‍ ബല്‍റാം പങ്കുവെച്ചിരിക്കുന്നത്.




കുനാൽ കംറയെന്ന സ്റ്റാൻഡ്അപ് കൊമേഡിയൻ അർണാബ് ഗോസ്വാമിക്ക് നേരെ വിമാനത്തിനകത്ത് വച്ച് തട്ടിക്കയറിയെന്നതിന്‍റെ പേരിൽ കുനാലിന് ഏതാനും മാസം യാത്രാവിലക്ക് ഏർപ്പെടുത്തിയതിനേക്കുറിച്ച് ഒരു പ്രമുഖന്‍റെ പ്രതികരണമാണിതെന്ന് പറഞ്ഞാണ് ബല്‍റാം യെച്ചൂരിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയത്. ഇയാളുടെ അനുയായികളാണ് ഇപ്പോൾ കള്ളക്കടത്തുകാരന്‍റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാർക്കെതിരെ വധശ്രമ കേസുമായി ഇറങ്ങിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെപ്പോലെ ഇമ്മാതിരി ഫ്രോഡുകളും ഇരട്ടത്താപ്പുകാരും വേറെയുണ്ടോ...? ബല്‍റാം ചോദിച്ചു.

മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു അന്ന് കുനാല്‍ കംറ അര്‍ണബ് ഗോസ്വാമിക്ക് നേരെ വിമര്‍ശന സ്വരമുയര്‍ത്തിയത്. നിങ്ങള്‍ ഒരു ഭീരുവാണോ, അതോ മാധ്യമ പ്രവര്‍ത്തകനാണോ, അതുമല്ലെങ്കില്‍ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാൽ കംറയുടെ ചോദ്യം. ഈ സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കുനാലിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പുതിയ അറിയിപ്പുണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയത്. അന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പല പ്രമുഖരും കുനാല്‍ കംറക്കെതിരായ വിമാനക്കമ്പനികളുടെ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.

സി.പി.എം അഖിലേന്ത്യാ സെക്രട്ടറിയായ സിതാറാം യെച്ചൂരിയും കുനാല്‍ കംറയുടെ യാത്രാവിലക്കിനെതിരെ രംഗത്തുവന്നിരുന്നു. 'ജനാധിപത്യ അവകാശങ്ങളേയും പൗര സ്വാതന്ത്ര്യങ്ങളേയും ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളേയും ശ്വാസം മുട്ടിച്ച് കൊല്ലുന്ന നടപടിയാണിത്. നിയമ വിരുദ്ധവും ഭരണാഘടനാ വിരുദ്ധവും അധികാര ദുർവ്വിനിയോഗവുമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്'. യെച്ചൂരി ട്വീറ്റ് ചെയ്തു. അന്ന് സിതാറാം യെച്ചൂരി പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ വി.ടി ബല്‍റാം ആയുധമാക്കിയിരിക്കുന്നുത്. 


Full View

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവർ വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായതോടെ ഇ.പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച അധ്യാപകന്‍ കൂടിയായ യൂത്ത് കോൺഗ്രസ് നേതാവിനെ സ്കൂള്‍ മാനേജ്മെന്‍് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മുട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച സംഭവത്തിൽ ഫർസിന് മജീദിന് എതിരെ ഇന്നലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഫർസിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചത്.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"ജനാധിപത്യ അവകാശങ്ങളേയും പൗര സ്വാതന്ത്ര്യങ്ങളേയും ആവിഷ്ക്കാര സ്വാതന്ത്ര്യങ്ങളേയും ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണിത്. നിയമ വിരുദ്ധവും ഭരണാഘടനാ വിരുദ്ധവും അധികാര ദുർവ്വിനിയോഗവുമാണിത്." എന്ത്? കുനാൽ കംറ എന്ന സ്റ്റാൻഡ്അപ് കൊമേഡിയൻ അർണാബ് ഗോസ്വാമിക്ക് നേരെ വിമാനത്തിനകത്ത് വച്ച് തട്ടിക്കയറിയെന്നതിന്റെ പേരിൽ കുനാലിന് ഏതാനും മാസം യാത്രാവിലക്ക് ഏർപ്പെടുത്തിയതിനേക്കുറിച്ച് ഒരു പ്രമുഖന്റെ പ്രതികരണമാണിത്. ഇയാളുടെ അനുയായികളാണ് ഇപ്പോൾ കള്ളക്കടത്തുകാരന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാർക്കെതിരെ വധശ്രമ കേസുമായി ഇറങ്ങിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെപ്പോലെ ഇമ്മാതിരി ഫ്രോഡുകളും ഇരട്ടത്താപ്പുകാരും വേറെയുണ്ടോ?

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News