വഖഫ് ബോർഡ് നിയമനം പി എസ് സി ക്കു വിട്ടത് ഗുണകരമായ തീരുമാനമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ

മുസ്‌ലിം ലീഗ് ഉൾപ്പെടെ പ്രതിപക്ഷ എതിർപ്പിനിടെ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സർവിസ് കമീഷൻ ബില്ല് നിയമസഭ പാസാക്കി

Update: 2021-11-10 10:45 GMT
Editor : Dibin Gopan | By : Web Desk
Advertising

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടത് ഗുണകരമായ തീരുമാനമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ. കുഞ്ഞാലികുട്ടിയുടെ ആരോപണം അദ്ദേഹത്തിന്റെ കാലത്ത് തെറ്റായ കീഴ്വഴക്കം ഉണ്ടായിരുന്നത് കൊണ്ടാവാം.ആ സമ്പ്രദായം നടക്കില്ല എന്ന പ്രശ്‌നമാകും കുഞ്ഞാലിക്കുട്ടിയ്‌ക്കെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ എടുത്ത തീരുമാനം ആണ് നിയമനം പിഎസ്‌സിക്ക് വിടണം എന്നത്. നിലവിൽ ഉള്ളവരെ സ്ഥിരപ്പെടുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.കെ ഹംസ വ്യക്തമാക്കി.

മുസ്‌ലിം ലീഗ് ഉൾപ്പെടെ പ്രതിപക്ഷ എതിർപ്പിനിടെ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്ന 2021ലെ കേരള പബ്ലിക് സർവിസ് കമീഷൻ ബില്ല് നിയമസഭ പാസാക്കി.വഖഫ് ബോർഡ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനങ്ങൾ പിഎസ്‌സി വഴി നടത്തുന്നതാണ് ബിൽ. ഇത് വഖഫ് ബോർഡിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പിഎസ്‌സിക്ക് വിടുന്നതിന് പകരം വഖഫ് ബോർഡ് റിക്രൂട്ട്‌മെന്റ് ബോർഡിന് രൂപം നൽകുകയാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ വഖഫ് ബോർഡ് ആവശ്യം കൂടി പരിഗണിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.

രാജ്യത്തിന് കേരളം ചീത്തമാതൃക സംഭാവന ചെയ്യുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോർഡിന്റെ നിയമനാധികാരം എടുത്തുകളയുന്നതാണ് ബിൽ. എൽഡിഎഫ് സർക്കാറിന്റെ മണ്ടത്തരമാണിതെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്‌സിക്ക് വിട്ട സ്ഥാപനങ്ങളിൽ കൃത്യമായി നിയമനം നടക്കുന്നില്ലെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പോലെ വഖഫ് റിക്രൂട്ട്‌മെന്റ് ബോർഡാണ് രൂപവത്കരിക്കേണ്ടിയിരുന്നതെന്നും കെ. ബാബു പറഞ്ഞു. കേന്ദ്ര നിയമത്തിന് എതിരാണ് ബില്ലെന്ന് പി. ഉബൈദുല്ല കുറ്റപ്പെടുത്തി. യോഗ്യതയുള്ളവരെ നിയമിക്കാനാണെന്ന് പറയുമ്പോൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കപ്പെടുന്നവർക്ക് യോഗ്യതയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ബില്ലിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആബിദ് ഹുസൈൻ തങ്ങൾ ആരോപിച്ചു. നിയമനം പിഎസ്‌സിക്ക് വിടുന്നതുകൊണ്ട് വിശ്വാസത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്ന് പി. ബാലചന്ദ്രൻ പറഞ്ഞു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡാണ് ശിപാർശ ചെയ്തതെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. ലീഗ് അംഗങ്ങൾ അത് തള്ളി. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News