വീടെന്ന സ്വപ്‌നം ബാക്കിയാക്കി ഹുസൈൻ യാത്രയായി; നഷ്ടമായത് പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണി
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിലായിരുന്നു ഹുസൈന് ഗുരുതരമായി പരിക്കേറ്റത്
കോഴിക്കോട്: കാട്ടാന ആക്രമണത്തിൽ മരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീം വാച്ചർ ഹുസൈൻ കൽപ്പൂരിന്റെ മരണം നാടിനാകെ തീരാനഷ്ടമാണ്. ഹുസൈനെ അവസാനമായി കാണാൻ നിരവധി പേരാണ് കോഴിക്കോട് കൂടരഞ്ഞിയിലെ വീട്ടിൽ എത്തിയത്. വീട് എന്ന സ്വപ്നം ബാക്കിയാക്കിയാണ് ഹുസൈൻ യാത്രയായത്.
തൃശ്ശൂർ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈൻ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ ആരോഗ്യനില മോശമായിരുന്നു. പുലർച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹുസൈന്റെ മരണം തീരാനഷ്ടമാവുന്നതു ഒരു കുടുംബത്തിന് മാത്രമല്ല. സദാസമയവും സേവന സന്നദ്ധനായ ഹുസൈൻ നാടിനാകെ കാവലാളായിരുന്നു.പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്. ഏഴു വർഷം മുമ്പാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗമായി ഹുസ്സൈൻ ജോലിയിൽ പ്രവേശിച്ചത്. സ്വന്തമായി ഒരു വീട് അത് ഹുസൈന്റെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു.സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യ ഘഡു കൈമാറാനായി ഇന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഹുസൈന്റെ വീട്ടിലെത്തും.
പാലപ്പിള്ളി എസ്റ്റേറ്റിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായിരുന്നു. തുടർന്ന് മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ കള്ളായി പത്താഴപ്പാറയിലെത്തിച്ചു. റോഡിൽ ഒറ്റയാൻ നിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർആർടി അംഗങ്ങൾ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഹുസൈന് ഗുരുതരമായി പരിക്കേറ്റത്.