ഫുട്ബോൾ കാണുന്നത് തെറ്റാണെന്ന് തോന്നിയിട്ടില്ല; 'അണികൾ ജയിലിൽ, നേതാക്കൾ ഖത്തറിൽ' ആക്ഷേപത്തോട് ഷാഫി പറമ്പിൽ
ഒരു വ്യക്തി മാറിനിന്നാല്‍ നിശ്ചലമായിപ്പോവുന്ന പ്രസ്ഥാനമല്ല ഇത്.
തിരുവനന്തപുരം: അണികൾ ജയിലിൽ കിടക്കുമ്പോൾ നേതാക്കൾ ഖത്തറിൽ ലോകകപ്പ് കാണാൻ പോയെന്ന ആക്ഷേപത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ. ഫുട്ബോൾ കാണുന്നത് തെറ്റാണോയെന്ന് തോന്നിയിട്ടില്ലെന്നും മോശപ്പെട്ട സംഗതിയാണെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും ഷാഫി പറമ്പിൽ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഫുട്ബോൾ കാണാൻ പോയതിനെതിരെ നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തെഴുതിയെന്നതിനെ കുറിച്ചറിയില്ല. ഫുട്ബോൾ കാണാൻ ആഗ്രഹിച്ചു. പോയി കണ്ടു. സമരം നടത്തേണ്ടപ്പോൾ സമരം നടത്തും. സിനിമ കാണേണ്ടപ്പോൾ സിനിമ കാണും. സമ്മേളനം നടത്തേണ്ടപ്പോൾ സമ്മേളനം നടത്തും. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടപ്പോൾ അത് നടത്തും.
ഒരു വ്യക്തി മാറിനിന്നാല്‍ നിശ്ചലമായിപ്പോവുന്ന പ്രസ്ഥാനമല്ല ഇത്. ഒരു ശരാശരി മലയാളിയെന്ന നിലയ്ക്ക് ഫുട്‌ബോളിനെയും സ്‌പോര്‍ട്‌സിനേയും വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് താൻ. ഇതിപ്പോള്‍ ഇങ്ങനെയാവും എന്ന് മുന്‍കൂട്ടി ഗണിച്ചിട്ടില്ലല്ലോ പോവുന്നത്. സമരം തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതേ ജയിലില്‍ രണ്ടാഴ്ച കിടന്നയാളാണ് താനും. ഞങ്ങളാരും സമരത്തില്‍ നിന്ന് ഒളിച്ചോടുന്നവരല്ല.
ഫുട്‌ബോള്‍ കാണുന്നത് ഉല്ലസിക്കുകയാണെന്ന ഭാഷ ശരിയല്ല. ഇത്ര തൊട്ടടുത്ത് ഒരു ലോകകപ്പ് വന്നപ്പോള്‍ അത് കാണണമെന്ന് ആഗ്രഹിച്ചു. സംഘടനയിലും ബന്ധപ്പെട്ട ആളുകളോടും ചര്‍ച്ച ചെയ്ത ശേഷമാണ് പോയത്. സ്ഥലത്തില്ലാതിരുന്നിട്ടും സമരത്തിന്റെ കാര്യങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചു. അത് അവര്‍ക്കും അറിയാം.
രാഷ്ട്രീയ പ്രവർത്തനത്തിന് എന്തൊക്കെയാണ് നിർവചനമെന്ന് അറിയില്ലെന്നും ആറാം തീയതി കോർപ്പറേഷൻ വിഷയത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് കോർപറേഷൻ കത്ത് വിവാദത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയം ഷാഫി പറമ്പിൽ അടക്കമുള്ള ചില യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ ഖത്തറിൽ ലോകകപ്പ് കാണാൻ പോയതാണ് വിവാദമായത്.