ജലനിരപ്പ് 136 അടി; മുല്ലപ്പെരിയാറിൽനിന്ന് ജലം കൊണ്ടുപോകണമെന്ന് തമിഴ്‌നാടിനോട് കേരളം

തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു

Update: 2022-08-04 16:24 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിൻ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് പരമാവധി കുറച്ചു നിലനിർത്തണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. 

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി എത്തുകയും ചെയ്തു. ഇതു ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താൽ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാൻ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മതിയായ മുന്നറിയിപ്പ് നൽകാൻ നടപടി സ്വീകരിക്കണമെന്നും മുൻ കാലങ്ങളിലെ പോലെ രാത്രിയിൽ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കത്തിൽ ആവശ്യപ്പെട്ടു.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഏതാനും ഡാമുകളുടെ ഷട്ടറുകൾ തുറന്നേക്കും. ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. പൊന്മുടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള, കല്ലാർകുട്ടി തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേർട്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News