വീട്ടിലിരുന്ന് മടുത്തു, ഇനി ലീവ് തരല്ലേ; വയനാട് കലക്ടര്‍ക്ക് കത്തയച്ച് ആറാം ക്ലാസുകാരി
മണ്‍സൂണ്‍ തുടങ്ങിയതിന് ശേഷം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുകയാണ് പതിവ്
അടുപ്പിച്ച് രണ്ടു ദിവസം മഴ പെയ്താല്‍ കലക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ പിന്നെ അവധി ചോദിച്ചുകൊണ്ടുള്ള കുട്ടികളുടെ അപേക്ഷകളായിരിക്കും കമന്‍റുകളായി നിറയുന്നത്. മണ്‍സൂണ്‍ തുടങ്ങിയതിന് ശേഷം കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുകയാണ് പതിവ്. അങ്ങനെ കുറെ അവധികളും കിട്ടി. എന്നാല്‍ വീട്ടിലിരുന്ന് മടുത്തുവെന്നാണ് ചില കുട്ടികള്‍ പറയുന്നത്. അത്തരത്തില്‍ വീട്ടിലിരുന്നു മടുത്ത ഒരു കൊച്ചുമിടുക്കി ഇനി ലീവ് തരല്ലേ എന്നു കാണിച്ച് കലക്ടര്‍ക്ക് മെയില്‍ അയച്ചിരിക്കുകയാണ്. വയനാട് കലക്ടറാണ് കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്
അയ്യോ ! ഇനി ലീവ് തരല്ലേ !! ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്‍റെ ഇമെയിൽ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.
എത്ര തെളിമയാണ് ഈ സന്ദേശത്തിന് !! മിടുക്കരാണ് നമ്മുടെ മക്കൾ. അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക് നോക്കാൻ കഴിയുന്ന മിടുക്കർ. ഇവരിൽ നമ്മുടെ നാടിന്‍റെയും ഈ ലോകത്തിന്‍റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം- വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും - വളർന്ന് വരുന്ന ഈ തലമുറയെ ഓർത്ത്..