വയനാട് സമ്പൂര്‍ണ വാക്സിനേറ്റഡ് ജില്ല; അര്‍ഹരായ എല്ലാവര്‍ക്കും ഒന്നാം ഡോസ് പൂര്‍ത്തിയാക്കി
6,15,729 പേരാണ് ജില്ലയില്‍ വാക്സിന്‍ സ്വീകരിച്ചത്.
കേരളത്തിലെ സമ്പൂർണ വാക്സിനേറ്റഡ് ജില്ലയായി വയനാട്. അര്‍ഹരായ എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 6,15,729 പേരാണ് വയനാട്ടില്‍ വാക്സിന്‍ സ്വീകരിച്ചത്. 213277 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതായും ഭരണകൂടം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടത്തിയ മൊബൈൽ വാക്സിനേഷൻ യജ്ഞങ്ങളും ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന വാക്സിനേഷൻ മെഗാ ഡ്രൈവും വൻ വിജയമാണെന്നാണ് വിലയിരുത്തൽ. മാർച്ച് മിഷൻ, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷന്‍റെ ആദ്യഘട്ടം ജില്ല പൂർത്തീകരിച്ചത്. പ്രധാന ടൂറിസം ജില്ലയായതിനാൽ മുഴുവൻ പേർക്കും വാക്സിൻ നൽകി ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
തദ്ദേശസ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിനു പിന്നില്‍. സംസ്ഥാനത്ത് ആദ്യമായി 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തിയ ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസർകോടും പങ്കിട്ടിരുന്നു.