താൽക്കാലിക പുനരധിവാസം: സജ്ജീകരണങ്ങൾ വിലയിരുത്താൻ അഞ്ചംഗ സമിതി; ജനകീയ തിരച്ചിൽ നാളെയും തുടരും

രാവിലെ ഒൻപത് മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തിരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ

Update: 2024-08-10 17:54 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് താൽക്കാലിക പുനരധിവാസത്തിനായുള്ള സജ്ജീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് അഞ്ചംഗ സമിതിയെ രൂപീകരിച്ചു. ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് സമിതി. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ, ഒരു ഡെപ്യൂട്ടി കലക്ടർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളും വൈത്തിരി തഹസിൽദാർ കൺവീനറുമായ സമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

താൽക്കാലിക പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണവകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പ് 24 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ 65 കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കിക്കഴിഞ്ഞു. ഇതിനു പുറമെ, അറ്റകുറ്റപണികൾക്കു ശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളും താൽക്കാലിക പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുണ്ട്. വാടകനൽകി ഉപയോഗിക്കാവുന്ന 286 വീടുകൾ ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, കൽപ്പറ്റ, അമ്പലവയൽ, മുട്ടിൽ എന്നിങ്ങനെ ആറു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി വാടകവീടുകൾ കണ്ടെത്താനാണ് തീരുമാനം. കണ്ടെത്തിയ കെട്ടിടങ്ങൾ താമസയോഗ്യമാണോ, ആവശ്യമായ വീട്ടുപകരണങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. വാടക സംബന്ധിച്ച് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഹാരിസൺ മലയാളം കമ്പനി 102 തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ സൗകര്യമടക്കമുള്ളവ സമിതി പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകും. താൽക്കാലിക പുനരധിവാസത്തിന് വിശദമായ രൂപരേഖ തയാറാക്കും.

ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷമുള്ള പ്രദേശത്തെ അവസ്ഥയും ദുരന്തസാധ്യതകളും വിലയിരുത്തുന്നതിനായി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായി അടങ്ങുന്ന അഞ്ചംഗ വിദഗ്ധസംഘം ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല എന്നീ പ്രദേശങ്ങൾ ആഗസ്റ്റ് 19ന് സന്ദർശിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

അതേസമയം ദുരന്തമേഖലയിൽ ജനകീയ തിരച്ചിൽ നാളെ രാവിലെ പുനരാരംഭിക്കുമെന്നും മന്ത്രിസഭാ ഉപസമിതി വ്യക്തമാക്കി. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചിൽ. ക്യാമ്പിലുള്ളവരിൽ സന്നദ്ധരായവരെ കൂടി ഉൾപ്പെടുത്തിയാകും തിരച്ചിൽ. പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തിരച്ചിൽ ആരംഭിക്കും. രാവിലെ ഒൻപത് മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തിരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. തിരച്ചിലിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണിത്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളിൽ സേനയെ ഉപയോഗിച്ച് തിരച്ചിൽ നടത്തുമെന്നും മന്ത്രിമാർ അറിയിച്ചു.

അതേസമയം ദുരന്തത്തിൽ 229 പേരുടെ മരണമാണ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. 198 ശരീരഭാഗങ്ങൾ കണ്ടെത്തി. മൂന്നു മൃതദേഹവും ഒരു ശരീര ഭാഗവും ഇന്ന് സംസ്‌കരിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി 119 രക്തസാമ്പിളുകൾ ശേഖരിച്ചു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News