ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും
17 ട്രക്കുകളിലായി പാലം നിർമാണത്തിന്‍റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും
വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമാണത്തിന്‍റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.
അതേസമയം ഏഴിമല നാവിക അക്കാദമിയിലെ 60 അംഗ സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തി. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികർ , അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ് ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
കൂടുതൽ സൈന്യം ദുരന്ത മേഖലയിലെത്തും. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്നുള്ള സംഘമാണ് എത്തുക. സംഘം കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.