'എല്ലാവരെയും രക്ഷിക്കാൻ പോയതാ എന്റെ മോൻ, അവസാനം അവനും പോയി'; ദുരന്തഭൂമിയിലെ തീരാനോവായി പ്രജീഷ്
ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവർത്തനത്തിനായി പോയതായിരുന്നു പ്രജീഷ്
മേപ്പാടി: 'എല്ലാവരെയും രക്ഷിക്കാൻ പോയതാ എന്റെ മോൻ അവസാനം അവനും പോയി..' വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ പ്രജീഷിന്റെ അമ്മയുടെ കരച്ചിൽ കേൾക്കുന്ന ആരുടെയും ഉള്ളുലക്കും. ഇന്നലെ മുണ്ടക്കൈയിൽ ആദ്യത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വന്തം വീട്ടുകാരെയൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രക്ഷാപ്രവർത്തനത്തിനായി പോയതായിരുന്നു പ്രജീഷ്. എന്നാൽ പിന്നാലെയെത്തിയ രണ്ടാമത്തെ ഉരുൾപൊട്ടലിൽ പ്രജീഷിന്റെ ജീവനും നഷ്ടമാകുകയായിരുന്നു.
ആദ്യത്തെ ഉരുൾപൊട്ടിയപ്പോൾ പാടിയിലുള്ള എല്ലാവരെയും പ്രജീഷും കൂടെയുണ്ടായിരുന്നവരും ഒഴിപ്പിച്ചു. ആ സമയത്ത് മുണ്ടക്കൈയിലെ പാലം തകർന്നില്ലായിരുന്നെന്ന് പ്രജീഷിന്റെ ബന്ധുക്കൾ പറയുന്നു. ആ സമയത്ത് മുകൾ ഭാഗത്ത് നിന്ന് കുട്ടികളുടെയടക്കം കരച്ചിൽ കേൾക്കുന്നുവെന്ന് പറഞ്ഞാണ് പ്രജീഷ് രക്ഷാപ്രവർത്തനത്തിനായി അങ്ങോട്ടേക്ക് പോയത്. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. ആ ഉരുൾപൊട്ടലിൽ പ്രജീഷും അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൂലിപ്പണിയായിരുന്നു പ്രജീഷിന്. ബുധനാഴ്ചായണ് പ്രജീഷിന്റെ മൃതദേഹം കണ്ടെടുത്തത്.