'ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും സംവിധായകന് സുരക്ഷ ഉറപ്പാക്കിയോ?' നടിയെ ആക്രമിച്ച കേസില്‍ ചോദ്യങ്ങളുമായി ഡബ്ല്യു.സി.സി

'കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ?'

Update: 2021-12-29 08:54 GMT
Advertising

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മലയാള സിനിമാ രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. കേസിലെ പ്രതിയായ ദിലീപിനെതിരെ സംവിധായകനും സുഹൃത്തുമായിരുന്ന ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളെ അർഹിക്കുന്ന പ്രധാന്യത്തോടെ പൊതുസമൂഹവും മുഖ്യധാര മാധ്യമങ്ങളും പരിഗണിക്കുന്നുണ്ടോ എന്നാണ് ഡബ്ല്യു.സി.സിയുടെ ചോദ്യം. സ്വന്തം ജീവൻ അപകടത്തിലാണെന്ന് പറയുന്ന ബാലചന്ദ്രകുമാറിന് എന്ത് സുരക്ഷയാണ് ഉറപ്പാക്കിയതെന്നും സംഘടന ചോദിക്കുന്നു. കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ എന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു.

2017 നവംബര്‍ പതിനഞ്ചിന് ദിലീപിന്റെ വീട്ടില്‍ താനെത്തിയപ്പോള്‍ ദിലീപും കുടുംബാംഗങ്ങളും ഒരു വി.ഐ.പിയും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. വെളിപ്പെടുത്തലിന് പിന്നാലെ തന്‍റെ ജീവന്‍ അപകടത്തിലാണെന്നും അദ്ദേഹം പറയുകയുണ്ടായി.

ഡബ്ല്യു.സി.സിയുടെ കുറിപ്പ്

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ?

ഇന്റർവ്യൂവിൽ ആരോപിക്കപ്പെടുന്നത് അനുസരിച്ചാണെങ്കിൽ കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ??

ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്?

എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ?

നീതിക്കായി പോരാടുന്നതിന്‍റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News