കൂട്ടിലെ സിംഹത്തിന് പോലും രക്ഷയില്ലാത്ത സാഹചര്യം, വംശീയ ഭ്രാന്തിനെതിരെ പോരാടണം: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ
വംശീയത ലോകത്തിന്റെ വിപത്താണെന്നും നമ്മുടെ രാജ്യത്തത് മൂർധന്യത്തിൽ എത്തി നിൽക്കുകയാണെന്നും പി. മുജീബ്‌റഹ്മാൻ
തിരുവനന്തപുരം: കൂട്ടിൽ കിടക്കുന്ന സിംഹത്തിന് പോലും രക്ഷയില്ലാത്ത സാഹചര്യമാണ് രാജ്യത്തുള്ളതെന്നും വംശീയ ഭ്രാന്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ്‌റഹ്മാൻ. അക്ബർ സിംഹത്തെയും സീത സംഹത്തെയും ഒരുമിച്ച് താമസിപ്പിക്കരുതെന്ന് ഹരജി വരുന്നുവെന്നും ജുഡീഷ്യറി അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വംശീയ ഫാസിസത്തിനെതിരെ ബഹുജന പൊതുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബാബരി, ഗ്യൻവാപി അനീതി ആവർത്തിക്കാൻ അനുവദിക്കരുത്' എന്ന പ്രമേയമുയർത്തിയാണ് റാലി.
വംശീയത ലോകത്തിന്റെ വിപത്താണെന്നും നമ്മുടെ രാജ്യത്തത് മൂർധന്യത്തിൽ എത്തി നിൽക്കുകയാണെന്നും പി. മുജീബ്‌റഹ്മാൻ ചൂണ്ടിക്കാട്ടി. വംശീയ രാഷ്ട്രം നിർമിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും രാജ്യത്തിന്റെ വൈവിധ്യത്തോടാണ് ഹിന്ദുത്വ ഫാസിസം വെല്ലുവിളി നടത്തുന്നതെന്നും വിമർശിച്ചു. 2014 മുതൽ ഉള്ള ഇന്ത്യ വേറെയാണെന്നും 2024ന് ശേഷം ഇന്ത്യയുടെ അവസ്ഥ കൂടുതൽ ഭീകരമായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ രാഷ്ട്രം പടുത്തുയർത്താൻ വേണ്ടിയാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും രാജ്യത്ത് തെറ്റായ ചരിത്രം പഠിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ വൈവിധ്യത്തെ അവർ വെല്ലുവിളിക്കുന്നുവെന്നും രാജ്യം പഴയ ജാതീയതയിലേക്ക് പോകുന്നുവെന്നും പറഞ്ഞു.