സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച തോന്നി, അപകടങ്ങൾ ഒന്നുമില്ലാതെ പെട്ടന്ന് തന്നെ പൂർവ്വസ്ഥിതിയിലായി, പ്രാർഥനകൾക്ക് നന്ദി; എം.കെ മുനീർ

''നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്‌നേഹവും കരുതലും എത്രത്തോളം ആഴത്തിലുണ്ട് എന്നതിന്‍റെ തെളിവാണ്''

Update: 2023-05-21 12:16 GMT
Advertising

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ കുഴഞ്ഞുവീണതിനെ കുറിച്ച് മുസ്‍ലിം ലീഗ് നേതാവ് എംകെ മുനീർ. പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചു. സർവ്വശക്തനോട് നന്ദി പറയുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രാർഥനകൾക്ക് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ നിങ്ങളുടെ സ്‌നേഹവും കരുതലും എത്രത്തോളം ആഴത്തിലുണ്ട് എന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഇന്നലെ രാവിലെയായിരുന്നു തിരുവനന്തപുരത്ത് യു.ഡി.എഫ് സമരം ആരംഭിച്ചത്. പരിപാടിയിൽ പ്രസംഗം ആരംഭിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിലിരുത്തി. അൽപനേരം വിശ്രമിച്ച ശേഷം മുനീർ പ്രസംഗം തുടരുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം

പ്രിയപ്പെട്ടവരെ,

നിങ്ങളുടെ ഈ സ്‌നേഹത്തിനും പ്രാർത്ഥനകൾക്കും എങ്ങിനെയാണ് നന്ദി പറയേണ്ടത്..?

ഈ പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. യു ഡി എഫ് സംഘടിപ്പിച്ച 'സെക്രട്ടറിയേറ്റ് വളയൽ' പ്രതിഷേധ പരിപാടിയിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചെറിയൊരു തളർച്ച പോലെ അനുഭവപ്പെട്ടു. വളരെ വേഗത്തിൽ അപകടങ്ങൾ ഒന്നുമില്ലാതെ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനും സംസാരിക്കാനും സാധിച്ചതിൽ സർവ്വശക്തനോട് നന്ദി പറയുന്നു.

നിമിഷനേരം കൊണ്ട് എനിക്ക് വന്നിട്ടുള്ള ഫോൺ കോളുകൾ എന്നോടുള്ള നിങ്ങളുടെ സ്‌നേഹവും കരുതലും എത്രത്തോളം ആഴത്തിൽ ആണെന്നതിന്റെ തെളിവാണ്.

ഈ സ്നേഹവും കരുതലും എന്നെ നിങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്കിടയിലൊരാളായി പ്രവർത്തിക്കാൻ എനിക്കെന്നും ഊർജ്ജം നൽകിയതും ഇതുതന്നെയാണ്. ഇനിയും നിങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള ആരോഗ്യവും ആയുസ്സും സർവശക്തൻ നൽകേണമേ എന്ന് മാത്രമാണ് പ്രാർത്ഥന...

പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.

ഡോ. എം കെ മുനീർ

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News