ആ വീഡിയോ കാണിച്ചപ്പോള്‍ പലരുടെയും മുഖത്തെ ഭാവങ്ങൾ എന്നെ ഞെട്ടിച്ചു; കുറിപ്പുമായി അധ്യാപകന്‍
ഇന്നലെ നടന്ന ഈ ദയനീയ സംഭവം എന്തോ എന്നെ വല്ലാതെ പിടിച്ചുലച്ചു
മലപ്പുറം: കണ്ണൂരില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ബിരുദ വിദ്യാര്‍ഥി ചവിട്ടിത്തെറിപ്പിച്ച സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. ഒന്നും അറിയാത്ത ഒരു കൊച്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം ദുരനുഭവങ്ങള്‍ വലുതായാലും ഒരു മുറിവായി അവേശഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് അനു തിരൂര്‍ എന്ന അധ്യാപകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് ചര്‍ച്ചയാവുകയാണ്. തന്‍റെ ക്ലാസിലെ കുട്ടികളെ ഈ വീഡിയോ കാണിച്ചുവെന്നും അവരുടെ പ്രതികരണം കണ്ട് തന്നിലെ അധ്യാപകന്‍ സന്തോഷിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
അനു തിരൂരിന്‍റെ കുറിപ്പ്
ഇന്നലെ നടന്ന ഈ ദയനീയ സംഭവം എന്തോ എന്നെ വല്ലാതെ പിടിച്ചുലച്ചു...ഒരുപക്ഷേ ജീവിതത്തിൽ ഇങ്ങനൊരു അനുഭവം കുഞ്ഞുന്നാളിൽ എനിക്കും ഉണ്ടായിട്ടുള്ളത് കൊണ്ടാവാം... രാവിലെ ക്ലാസിൽ വന്ന പാടെ ഞാൻ മക്കളോട് ഈ സംഭവത്തെ കുറിച്ച് പറഞ്ഞു..വീഡിയോ കാണിച്ചപ്പോൾ തന്നെ പലരുടെയും മുഖത്തെ ഭാവങ്ങൾ എന്നെ ഞെട്ടിച്ചു...എങ്കിൽ ഈ വിഷയത്തെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങൾ എന്നോട് പറയൂ എന്നായി ഞാൻ...
വീഡിയോയിൽ അവർ പറയുന്ന അഭിപ്രായങ്ങളിൽ, ഉറച്ച നിലപാടുകൾ ഉള്ള ഒരു പുതുതലമുറയുടെ കണ്ണുകളിലെ അഗ്നി എനിക്ക് കാണാൻ കഴിഞ്ഞു...സഹജീവികളോട് എങ്ങനെ പെരുമാറണം എന്നും , നയപരമായ തീരുമാനങ്ങൾ എങ്ങനെ എടുക്കാം എന്നതുമെല്ലാം അവരുടെ പ്രതികരണങ്ങളിൽ നിറഞ്ഞു നിന്നു... തെറ്റിനെ തെറ്റ് എന്നും , ശരി ഇതാണ് എന്നും വിളിച്ച് പറയുകയും കൂടി ചെയ്യുന്നതാണ് നട്ടെല്ലുള്ള ഒരു തലമുറയുടെ മുഖമുദ്ര...ഇവർ എന്‍റെ പുലിക്കുട്ടികളാണ്...നാളെയുടെ നന്മകൾ ഇവരിൽ മൊട്ടിട്ടു കഴിഞ്ഞു.... എന്നിലെ അധ്യാപകൻ ഇതിൽപരം സന്തോഷിച്ച , അഭിമാനിച്ച ഒരു നിമിഷം വേറെ ഇല്ല.....