ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്: ഗവർണർ

തലശ്ശേരി കൊലപാതകത്തിൽ അപലപിച്ച് ഗവർണർ

Update: 2022-02-21 13:55 GMT
Advertising

തലശ്ശേരി പുന്നോലിൽ സിപിഐഎം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ അപലപിച്ച് ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാൻ.

'ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമാണ്. ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്. നിഷ്‌കളങ്കരായവർക്ക് ജീവൻ വഷ്ടപ്പെടുന്നത് ദൗർഭാഗ്യകരമാണ്'- ഗവർണർ പറഞ്ഞു.

കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് പിന്തുണ നൽകുന്നു. സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.

 ഹരിദാസിന്റെ മൃതദേഹം ന്യൂ മാഹി പുന്നോലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതു ദർശനത്തിന്  വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. രാവിലെ ഹരിദാസിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഹരിദാസിനൊപ്പം വെട്ടേറ്റ സഹോദരന്റെ മൊഴി കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിയാണ് പൊലീസെടുത്തത്. കൂടാതെ അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് എടുത്തിരുന്നു.

അന്വേഷണം നടക്കുന്നതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂമാഹി പൊലീസ് ഇൻസ്‌പെക്ടർക്കാണ് അന്വേഷണ ചുമതല. അതേ സമയം കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്നും സി.പി.എം പ്രതികളെ മുൻകൂട്ടി പ്രഖ്യാപിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News