സന്ദീപ് ആക്രമിച്ചപ്പോള്‍ പൊലീസ് ഓടിയൊളിച്ചു; ആർ.എം.ഒയുടെ റിപ്പോർട്ട് പുറത്ത്
ഡോ. വന്ദനയെ ലക്ഷ്യം വെച്ചല്ല അക്രമം നടത്തിയതെന്ന് പ്രതി സന്ദീപ് പറഞ്ഞു. ആശുപത്രിയിൽ അക്രമം കാണിച്ചത് പുരുഷഡോക്ടറെ ലക്ഷ്യംവച്ചാണെന്ന് സന്ദീപ് കുറ്റസമ്മതം നടത്തി
തിരുവനന്തപുരം: ഡോക്ടർ വന്ദനയെ കൊല്ലപ്പെടാൻ ഇടയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആക്രമണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച്ച പറ്റിയെന്ന് ആർ.എം.ഒയുടെ റിപ്പോർട്ട്. സന്ദീപിന്റെ ആക്രമണമുണ്ടായപ്പോൾ ഓടിയൊളിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യം നോക്കിയതെന്നും ആർ.എം.ഒ എസ്. അനിൽ കുമാർ കുറ്റപ്പെടുത്തി.
അതേസമയം പ്രതി സന്ദീപിന് മാനസിക ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം ലഭിച്ചു. പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി ഇയാളെ പരിശോധിച്ചു. ഡോ. വന്ദനയെ ലക്ഷ്യം വെച്ചല്ല അക്രമം നടത്തിയതെന്ന് പ്രതി സന്ദീപ് പറഞ്ഞു. ആശുപത്രിയിൽ അക്രമം കാണിച്ചത് പുരുഷഡോക്ടറെ ലക്ഷ്യംവച്ചാണെന്ന് സന്ദീപ് കുറ്റസമ്മതം നടത്തി. ജയിൽ സൂപ്രണ്ടിനോടാണ് സന്ദീപിന്റെ ഏറ്റുപറച്ചിൽ. ആശുപത്രിയിലുള്ളവർ തന്നെ ഉപദ്രവിക്കുമെന്ന തോന്നലായിരുന്നു ആക്രമത്തിലേക്ക് നയിച്ചതെന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പുലർച്ചെ അഞ്ചുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസ് പരിശോനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഹൗസ് സർജൻസിയിലുണ്ടായിരുന്ന ഡോ. വന്ദനയെ കുത്തുകയായിരുന്നു.
കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെയാണ് ഇയാൾ അക്രമാസക്തനായത്. മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും അടക്കും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.