ആമയിഴഞ്ചാൻ തോട് അപകടത്തിന്റെ ഉത്തരവാദി ആരെന്നു കണ്ടെത്തണം: ഗവർണർ
ജോയിയുടെ വീട് സന്ദർശിക്കവേയായിരുന്നു ഗവർണറുടെ പ്രതികരണം
തിരുവനന്തപുരം: മാലിന്യം നീക്കൽ ജോലിക്കിടെ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മാരായമുട്ടം സ്വദേശി ജോയിയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. ഹൃദയം നുറുങ്ങുന്ന അനുഭവമാണിത്, പ്രായമായ അമ്മയ്ക്ക് സ്വന്തം മകനെ നഷ്ടപ്പെട്ടിരിക്കുന്നു, അപകടത്തിൻ്റെ ഉത്തരവാദി ആരെന്നു അന്വേഷിച്ച് കണ്ടെത്തണം- ഗവർണർ പറഞ്ഞു.
സംഭവത്തിൽ നിന്ന് റെയിൽവേയും കോർപറേഷനും പാഠം ഉൾക്കൊള്ളണമെന്നും ഇരുകൂട്ടർക്കും തുല്ല്യ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. രണ്ട് കേന്ദ്ര മന്ത്രിമാരും ജോയിയുടെ വീട്ടിലേക്ക് എത്തുമെന്നും ഗവർണർ പറഞ്ഞു.
46 മണിക്കൂർ നീണ്ട തെരച്ചിൽ ദൗത്യത്തിൽ ഫലം കാണാതെ, മൂന്നാംപക്കം തകരപ്പറമ്പ് കനാലിൽ ഉപ്പിടാംമൂട് ഇരുമ്പുപാലത്തിന് സമീപമാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത്.