'ഇന്ത്യ എന്ന പദത്തിനോട് എന്തിനാണ് ഇത്ര ഭയം?'; മുഖ്യമന്ത്രി പിണറായി വിജയൻ

ഭരണഘടനക്കും രാജ്യത്തിനും എതിരാണ് പേരുമാറ്റാനുള്ള നീക്കമെന്നും മുഖ്യമന്ത്രി

Update: 2023-09-06 14:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റുന്നത് വിചിത്രമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് താൽപര്യം നടപ്പാക്കാനുള്ളവർ എന്ന നിലയിലാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. മണിപ്പൂരിൽ നടന്നത് കൃത്യമായ വംശഹത്യയാണന്നും മുഖ്യമന്ത്രി  വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ് 'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന "ഇന്ത്യ എന്റെ രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്" എന്ന രാജ്യചിന്തയെപോലും മനസ്സുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ. ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂടാ. അത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്'. അതിനാൽ രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

അതേസമയം, ഇന്ത്യയെന്ന പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നു. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവയുടെ അർത്ഥം സ്നേഹമാണന്ന്രാഹുൽ പറഞ്ഞു. സ്നേഹം ഉയർന്ന് പറക്കട്ടെയെന്നും രാഹുൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News