കുടുംബം നോക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നു; പഠനം
കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ സര്‍വേയിലാണ് ശ്രദ്ധേയമായ ഈ വിവരമുള്ളത്
തിരുവനന്തപുരം: കുടുംബവും കുട്ടികളെയും പരിചരിക്കാന്‍ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും സ്വന്തം തൊഴില്‍ ഉപേക്ഷിക്കേണ്ടിവരുന്നതായി പഠനം. കേരള നോളജ് ഇക്കോണമി മിഷന്‍ നടത്തിയ സര്‍വേയിലാണ് ശ്രദ്ധേയമായ ഈ വിവരമുള്ളത്. സ്ത്രീകൾക്കുള്ള കുറഞ്ഞ വേതനവും യാത്രാസൗകര്യമില്ലായ്മയും തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനത്തെ 4,458 സ്ത്രീ തൊഴില്‍ അന്വേഷകരില്‍ നടത്തിയ സര്‍വേയിലാണ് ഏറെ ഗൌരവകരമായ കണ്ടെത്തലുള്ളത്. 57 ശതമാനം പേരും തൊഴില്‍ ഉപേക്ഷിക്കാനിടയായത് ഒറ്റക്കാരണം കൊണ്ട്. വീടും കുട്ടികളെയും നോക്കണം. പ്രായമായവരെ പരിചരിക്കേണ്ട ചുമതലയും തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമാകുന്നുണ്ട്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്ന് ചേരുന്ന പെൺകുട്ടികളുടെ എണ്ണം കൂടുതലാണെങ്കിലും തൊഴിൽ പങ്കാളിത്തത്തില്‍ ഏറെ പിന്നിലെന്നാണ് കണ്ടെത്തല്‍. കുടുംബത്തിന്‍റയോ മറ്റുള്ളവരുടെയോ അനുവാദമില്ലാത്തതിനാൽ ജോലി ഉപേക്ഷിക്കേണ്ടി വരുന്നവരും നിരവധിയാണ്. തൊഴില്‍ ഉപേക്ഷിച്ചവരില്‍ കൂടുതൽ പേരും 25 നും 40നും ഇടയിൽ പ്രായമുള്ളവര്‍. അതേസമയം ജോലി ഉപേക്ഷിച്ച 96 ശതമാനം പേരും തിരികെയെത്താന്‍ ആഗ്രഹിക്കുന്നവരാണ്. കേരള നോളജ് ഇക്കോണമി മിഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് വനിതാ ശിശുവികസന മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.