'സർ വേണ്ട, ടീച്ചർ മതി'; ബാലാവകാശ കമ്മീഷന് പ്രത്യേക അജണ്ടയുണ്ടോ എന്ന് അന്വേഷിക്കണം: വിസ്ഡം
''കുട്ടികളിൽ നിഷേധാത്മകമായ അവകാശബോധം സൃഷ്ടിച്ച് സാമൂഹിക ക്രമം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് തള്ളി വിടാൻ പാകത്തിൽ നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് തള്ളിക്കളയണം''
കോഴിക്കോട്: അടുത്തിടെ ബാലാവകാശ കമ്മീഷനിൽനിന്ന് പുറത്തുവരുന്ന നിർദേശങ്ങൾ കമ്മീഷന് പ്രത്യേക അജണ്ടയുണ്ടോ എന്ന് സംശയിക്കാവുന്ന തരത്തിലുള്ളതാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് പ്രസ്താവനയിൽ പറഞ്ഞു. ലിംഗനീതി ഉറപ്പാക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ആൺ-പെൺ സ്വത്വങ്ങൾ തമ്മിലുള്ള പ്രകൃതിപരമായ വ്യത്യാസം തന്നെ ഇല്ലായ്മ ചെയ്യുന്ന ജെൻഡർ ന്യൂട്രൽ ആശയമാണ് കമ്മീഷന്റെ നീരീക്ഷണങ്ങളിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളിൽ നിഷേധാത്മകമായ അവകാശബോധം സൃഷ്ടിച്ച് സാമൂഹിക ക്രമം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് തള്ളിവിടാൻ പാകത്തിൽ നൽകുന്ന ഇത്തരം നിർദേശങ്ങൾ പൊതുവിദ്യഭ്യാസ വകുപ്പ് തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടീച്ചർ എന്നത് ലിംഗ വ്യത്യാസമില്ലാതെ നേരത്തെ പ്രയോഗിച്ച് വരുന്നതാണ്. അതിനെ ആരും പ്രശ്‌നവത്കരിച്ചിട്ടില്ല. സർ, മാഡം എന്ന് ഉപയോഗിച്ചുവരുന്നത് വിലക്കുന്നതിലൂടെ ആൺ-പെൺ വ്യത്യാസം എവിടെയും പ്രകടമാവരുത് എന്ന ജൻഡർ തിയറിയാണ് ഒളിച്ച് കടത്തുന്നതെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം:
ഈയിടെയായി ബാലാവകാശ കമ്മീഷനിൽ നിന്ന് പുറത്തുവരുന്ന നിർദ്ദേശങ്ങൾ പരിശോധിച്ചാൽ ജൻഡർ സാമൂഹിക നിർമ്മിതിയാണെന്ന വീക്ഷണത്തിൽ സാമൂഹ്യഘടനയെ അട്ടിമറിക്കാൻ നടക്കുന്ന അജണ്ടക്ക് കുഴലൂതുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലിംഗനീതി ഉറപ്പാക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ആൺ-പെൺ സ്വത്വങ്ങൾ തമ്മിലുള്ള പ്രകൃതി പരമായ വ്യത്യാസം തന്നെ ഇല്ലായ്മ ചെയ്യുന്ന ജെൻഡർ ന്യൂട്രൽ ആശയമാണ് കമ്മീഷന്റെ നിരീക്ഷണങ്ങളിൽ തെളിയുന്നത്.
ഇനി ജനിക്കുന്ന കുട്ടികളിൽ ആൺ- പെൺ വ്യത്യാസം തോന്നാതെ അവരെ വളർത്തണം. വ്യത്യസ്ത കളിപ്പാട്ടങ്ങൾ നൽകരുത്. വസ്ത്രത്തിൽ വ്യത്യാസമുണ്ടാകരുത്. കുട്ടി വളർന്നശേഷം അവരുടെ ജൻ്റർ അവർ തീരുമാനിക്കട്ടെ. എന്നാണ് പുതിയ ജെൻഡർ തിയറി.അച്ഛൻ, അമ്മ എന്ന് പ്രയോഗിക്കരുത് birthing people എന്ന് വിളിക്കണം. അവൻ, അവൾ എന്ന് പറയരുത്. അവർ എന്നേ പറയാവൂ... ഇതെല്ലാം ജൻ്റർ തിയറി മുന്നോട്ട് വെക്കുന്ന ആശയങ്ങളാണ്. ജൻ്റർ കൺഫ്യൂഷൻ ഉള്ള ഒരു തലമുറയുടെ സൃഷ്ടിയായിരിക്കും ഇതിൻ്റെ ബാക്കിപത്രമെന്ന് പാശ്ചാത്യൻ നാടുകൾ വിളിച്ച് പറയുന്നുണ്ട്.
ഇപ്പോഴിതാ സർ, മേഡം എന്ന് വിളിക്കരുത്. ടീച്ചർ എന്ന് വിളിച്ചാൽ മതിയെന്നാണ് ബാലാവകാശ കമ്മിഷൻ്റെ പുതിയ നിർദ്ദേശം. സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ചോദിച്ചത് കഴിഞ്ഞ ദിവസമാണ്. കുട്ടികളുടെ ശത്രുവാണ് അധ്യാപകർ എന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലാണ് നിരീക്ഷണം. കുട്ടികളിൽ നിഷേധാത്മകമായ അവകാശബോധം സൃഷ്ടിച്ച് സാമൂഹിക ക്രമം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് തള്ളി വിടാൻ പാകത്തിൽ നൽകുന്ന ഇത്തരം നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് തള്ളിക്കളയണം.
ടീച്ചർ എന്നത് പൊതുവായി ലിംഗ വ്യത്യാസമില്ലാതെ നേരത്തെ പ്രയോഗിച്ച് വരാറുണ്ടല്ലൊ. അതിനെ ആരും പ്രശ്നവത്കരിച്ചിട്ടുമില്ല. ഇവിടെ സർ, മാഡം എന്ന് ഉപയോഗിച്ചു വരുന്നത് വിലക്കുന്നതിലൂടെ ആൺ പെൺ വ്യത്യാസം എവിടെയും പ്രകടമാകരുത് എന്ന ജൻഡർ തിയറിയാണ് ഒളിച്ച് കടത്തുന്നത്. സർ, മാഡം എന്ന പ്രയോഗത്തിൽ വിവേചനമുണ്ടെങ്കിൽ അതിന് പകരം രണ്ട് പദം കണ്ടെത്തുന്നതിന് നാം എതിരല്ല. രണ്ടിനും ഒന്ന് മതിയെന്നത് അംഗീകരിക്കാനാവില്ല.