എസ്എഫ്‌ഐ അക്രമം ചെറുക്കുമെന്ന് കെ. സുധാകരൻ

നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാർത്ഥി സമരങ്ങളെ നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു

Update: 2021-07-25 13:59 GMT
Editor : Shaheer | By : Web Desk
Advertising

അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് എസ്എഫ്‌ഐ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. എറണാകുളം മഹാരാജാസിൽ കെഎസ്യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും അക്രമമഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കിൽ ശക്തമായി ചെറുക്കുമെന്നും സുധാകരൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

വിദ്യാർത്ഥി സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടുപോയ എസ്എഫ്ഐ അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് ശ്രമിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാക്കൾക്കെതിരെ എസ്എഫ്ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. എസ്എഫ്‌ഐ ഒഴികെ മറ്റൊരു വിദ്യാർത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലെന്നു പറഞ്ഞാൽ അതു വിലപ്പോകില്ലെന്നും സുധാകരൻ വ്യക്തമാക്കി.

സിപിഎമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്എഫ്ഐ മാറി. അവർ വിദ്യാർത്ഥികളിൽനിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. ആശയങ്ങൾക്കുപകരം കൊടുവാളുമായിട്ടാണ് അവർ കാമ്പസിൽ പ്രവർത്തിക്കുന്നത്. സിപിഎം കണ്ണൂരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഫാസിസമാണ് ഇപ്പോൾ എസ്എഫ്ഐ കാമ്പസുകളിൽ നടപ്പാക്കുന്നത്. കൈയൂക്കുകൊണ്ട് കലാലയങ്ങൾ ഭരിക്കാമെന്ന എസ്എഫ്ഐയുടെ അജൻഡയ്ക്ക് താങ്ങും തണലുമാകുന്നത് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവുമാണ്. കലാലയങ്ങളിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന എസ്എഫ്ഐ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് ഓർക്കണം-അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലേതിന് സമാനമായ ഇടിമുറികൾ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള മിക്ക കോളേജുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന് വ്യാപകമായ പരാതിയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാൻ പോലും കോളേജ് അധികൃതർ തയാറാകില്ല. ഇടത് അധ്യാപക സംഘടനയിലെ ചിലർ അന്വേഷണം തടസപ്പെടുത്തുകയും ചെയ്യുന്നു.

സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ കൊല്ലം ടികെഎം കോളേജിലെ വിദ്യാർഥികളെ മൃഗീയമായാണ് പൊലീസ് മർദിച്ചത്. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എന്നും കാമ്പസുകളിൽനിന്നാണ് ശക്തമായ പോരാട്ടം ആദ്യമുണ്ടാകാറുള്ളത്. എന്നാൽ, വിദ്യാർത്ഥികളുടെ ചെറിയ പ്രതിഷേധം പോലും സഹിഷ്ണുതയോടെ നേരിടാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. നരേന്ദ്ര മോദിയും ബിജെപിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും വിദ്യാർത്ഥി സമരങ്ങളെ നേരിടുന്നത്. പക്ഷേ ഇത് കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും സുധാകരൻ വാർത്താകുറിപ്പിൽ ഓർമിപ്പിച്ചു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News