ചൊവ്വാഴ്ച ഹാജരാകില്ല; വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെയെന്ന് കെ.സുരേന്ദ്രന്‍
പറഞ്ഞ ദിവസം ഹാജരാകണമെന്ന് ഒരു നിയമവുമില്ല. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കിയത്
കൊടകര ബി.ജെ.പി കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെ.സുരേന്ദ്രന്‍. പറഞ്ഞ ദിവസം ഹാജരാകണമെന്ന് ഒരു നിയമവുമില്ല. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കിയത്. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. കേസ് വരും പോകും, പൊതുജീവിതത്തില്‍ എപ്പോഴും പ്രതീക്ഷിക്കുന്നതാണ് അത്. വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകട്ടെ. പാർട്ടി കേസിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വർണക്കടത്ത് കേസ് സി.പി.എമ്മിന്‍റെ നേതാക്കളിലേക്ക് പോവുകയാണ്. അർജുന്‍ ആയങ്കി പറയുന്നത് കൊടി സുനിയാണ് എല്ലാം ചെയ്യുന്നത് എന്നാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്ക് നോട്ടീസ് അയച്ചത്. കേസില്‍ നിന്ന് ഒളിച്ചോടില്ല. രാഷ്ട്രീയ യജമാനന്മാരുടെ താത്പര്യം സംരക്ഷിക്കാന്‍ അന്വേഷണസംഘം ബി.ജെ.പി നേതാക്കളെ വിളിച്ചുവരുത്തുന്നു. പൊലീസിനെ ഉപയോഗിച്ച് ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
മോദിയുടെ പണമെടുത്ത് ഇവിടെ കൊടുക്കുമ്പോൾ പിണറായിയുടെ കാശാണെന്നും പറഞ്ഞു കൊടുക്കുന്നു. കൈരളി പോലും ചെയ്യാത്ത കാര്യങ്ങൾ ഏഷ്യാനെറ്റ് ചെയ്തു. ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങൾ കൊടുത്തില്ലെങ്കിലും എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകും. മാധ്യമങ്ങളുടെ പ്ലാറ്റ്ഫോം ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.