ഇനി പോളണ്ടിനെക്കുറിച്ച് മിണ്ടാം; പോളണ്ട് അംബാസഡറായി കാസര്‍കോട്ടുകാരി ചുമതലയേറ്റു
1991 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ നഗ്മ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണ് സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ പറയുന്നത്. പക്ഷെ മലയാളികള്‍ക്കിനി ധൈര്യമായിട്ട് പോളണ്ടിനെക്കുറിച്ച് മിണ്ടാം, കാരണം കാസര്‍കോട്ടുകാരി നഗ്മ മുഹമ്മദ് മാലിക്ക് പോളണ്ടിന്‍റെയും ലിത്വാനിയയുടെയും അംബാസഡറായി ചുമതലയേറ്റിരിക്കുകയാണ്. ഡൽഹിയിൽ ജനിച്ചു വളർന്ന നഗ്മയുടെ മാതാപിതാക്കളായ മുഹമ്മദ് ഹബീബുള്ളയും സുലു ഭാനുവും കാസർകോട് പട്ടണത്തിലെ ഫോർട്ട് റോഡ് സ്വദേശികളാണ്.
സെപ്റ്റംബര്‍ ഒന്നിനാണ് നഗ്മ ചുമതലയേറ്റത്. 1991 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ നഗ്മ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയാണ്.
ഹബീബുള്ളയ്ക്ക് ഓവര്‍സീസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ലഭിച്ചതിനു ശേഷമാണ് കുടുംബത്തോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറിയത്. ഡല്‍ഹി സ്കൂള്‍ ഓഫ് എകണോമിക്സില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദമെടുത്ത നഗ്മ ഇംഗ്ലീഷ്, മലയാളം, ഫ്രഞ്ച്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകള്‍ സംസാരിക്കും.
പാരിസില്‍ യുനെസ്കോയുടെ ഇന്ത്യന്‍ പ്രതിനിധിയായാണ് നഗ്മ തന്‍റെ നയതന്ത്ര ഉദ്യോഗം ആരംഭിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്റാളിന്‍റെ സ്റ്റാഫ് ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ വാണിജ്യവിഭാഗത്തിന്‍റെ ചുമതല നഗ്മയ്ക്കായിരുന്നു. ടുണീഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളിലും അംബാസഡറായിരുന്നു. ഡല്‍ഹിയില്‍ അഭിഭാഷകനായ മാലിക്കാണ് ഭര്‍ത്താവ്.